കൊച്ചി: സംസ്ഥാനത്തു മറ്റൊരിടത്തുമില്ലാത്ത മത്സരത്തിനാണ് ഇത്തവണ കുന്നത്തുനാട് സാക്ഷ്യംവഹിക്കുന്നത്. പുതുതലമുറ രാഷ്ട്രീയ പാര്‍ട്ടിയായ ട്വന്റി 20യുടെ വളര്‍ച്ചകൊണ്ടു ശ്രദ്ധേയമായ ഈ മണ്ഡലത്തില്‍ കടുപ്പമേറിയ ചതുഷ്കോണ മത്സരം അരങ്ങു കൊഴുപ്പിക്കുന്നു.
തുടർച്ചയായി രണ്ടുതവണ ജയിച്ച സിറ്റിംഗ് സീറ്റെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ് മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍പു ജയിച്ചതിന്റെ ഓർമകളുമായി ഇടതുമുന്നണിയും ശക്തിതെളിയിക്കാന്‍ ബിജെപിയും പൊരുതുന്നു. ഇതിനുപുറമെയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ തിളങ്ങുന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കാനുള്ള ട്വന്റി 20യുടെ ചടുലനീക്കങ്ങള്‍.
നിലവിൽ പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. 13 തെരഞ്ഞെടുപ്പുകളിൽ അഞ്ചുതവണ മാത്രമാണ് മണ്ഡലം ഇടത്തോട്ടു തിരിഞ്ഞത്. സാധാരണനിലയില്‍ 25,000 വോട്ടിന്റെ ഭൂരിപക്ഷം കിട്ടുന്ന മണ്ഡലമാണ് ഇതെന്നു യുഡിഎഫ് പറയുന്നു.
എന്നാല്‍ ഇത്രയും ഭൂരിപക്ഷം അടുത്ത തെരഞ്ഞെടുപ്പുകളിലൊന്നും ലഭിച്ചിട്ടില്ല. 2011ൽ ലഭിച്ച 8,372 വോട്ടിന്റെ ഭൂരിപക്ഷം 2016ൽ 2,679 ആയി കുറഞ്ഞിരുന്നു. യുഡിഎഫ് തരംഗം വീശിയ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ പോലും 17,000 വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.
ട്വന്റി 20യുടെ സാന്നിധ്യം യുഡിഎഫിന്റെ വോട്ട് ചോർച്ചയ്ക്കു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. ഇതാദ്യമായി നിയമസഭയിലേക്ക് അവർ മത്സരിക്കുന്പോൾ എന്തു സംഭവിക്കുമെന്നതു കണ്ടുതന്നെ അറിയണം. ഐക്കരനാട്, കിഴക്കമ്പലം, കുന്നത്തുനാട്, മഴുവന്നൂര്‍, പൂതൃക്ക, തിരുവാണിയൂര്‍, വടവുകോട്-പുത്തന്‍കുരിശ്, വാഴക്കുളം എന്നീ പഞ്ചായത്തുകള്‍ മണ്ഡലത്തിൽ വരുന്നു.
കിഴക്കമ്പലം പഞ്ചായത്തിൽ മാത്രം ഭരണമുണ്ടായിരുന്ന ട്വന്റി 20, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കിഴക്കമ്പലത്തിനു പുറമെ മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് പഞ്ചായത്തുകളിലും ഭരണം പിടിച്ചു. രണ്ടു ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും ഏതാനും ബ്ലോക്ക് ഡിവിഷനുകളും അവർ സ്വന്തമാക്കി.
കുന്നത്തുനാട് മണ്ഡലത്തില്‍നിന്ന് ആകെ ലഭിച്ചതു 40,000ത്തിലധികം വോട്ട്. ഈ സാഹചര്യമാണ് ഇവിടത്തെ മത്സരത്തെ ഇക്കുറി ശ്രദ്ധേയമാക്കുന്നത്. യുഡിഫിന്റെയും എൽഡിഎഫിന്റെയും വോട്ടുകൾ ട്വന്റി 20യിലേക്കു ചാഞ്ഞിട്ടുണ്ട്.
ഹാട്രിക് തേടി സജീന്ദ്രൻ
കുന്നത്തുനാട്ടില്‍ ഹാട്രിക് വിജയം തേടിയാണു യുഡിഎഫ് സ്ഥാനാർഥി വി.പി. സജീന്ദ്രന്റെ മത്സരം. വൈക്കത്തു ഒരുതവണ തോൽക്കുകയും കുന്നത്തുനാട്ടില്‍ രണ്ടുതവണ ജയിക്കുകയുംചെയ്ത ഇദ്ദേഹത്തിന്റെ നാലാം മത്സരം. കെപിസിസി എക്സിക്യൂട്ടീവ് അംഗവും എംജി സര്‍വകലാശാല സെനറ്റ് അംഗവുമാണ്.
പൊരുതാൻ ശ്രീനിജിൻ
കോണ്‍ഗ്രസില്‍നിന്നു സിപിഎമ്മിലെത്തിയ പി.വി. ശ്രീനിജിനാണ് എൽഡിഎഫ് സ്ഥാനാർഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റം കളമശേരി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായിരുന്നു. 2006ൽ ഞാറയ്ക്കലില്‍ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു തോറ്റു. നിലവിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം. അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ഇത്തവണ മത്സരം.
കരുത്തുകാട്ടാൻ ട്വന്റി-20
സുജിത് പി. സുരേന്ദ്രനാണ് ട്വന്റി 20 സ്ഥാനാര്‍ഥി. ബംഗളൂരു പ്രസിഡന്‍സി യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ലോയില്‍ അസോസിയേറ്റ് പ്രഫസറും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോ-ഓര്‍ഡിനേറ്ററുമായിരുന്നു. നാലു വീടുകള്‍ക്ക് ഒരു പ്രവര്ത്തകന് എന്നനിലയിൽ വീടുകള്‍ കേന്ദ്രീകരിച്ചാണു പ്രചാരണം.
ശക്തമായ മത്സരത്തിന് ബിജെപിയും
2016ൽ എൻഡിഎ സ്ഥാനാർഥി ബിഡിജെഎസിന്റെ തുറവൂര്‍ സുരേഷ് 16,459 വോട്ടുകൾ നേടിയിരുന്നു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി എ.എന്‍. രാധാകൃഷ്ണന് ഇത് 17,581 വോട്ടായി ഉയർത്തി. ബിജെപിയുടെ രേണു സുരേഷാണ് ഇക്കുറി എൻഡിഎ സ്ഥാനാര്‍ഥി.
മറ്റു സ്ഥാനാർഥികളുടെ വിജയസാധ്യത എൻഡിഎ സ്ഥാനാര്‍ഥി പിടിക്കുന്ന വോട്ടുകളെ കൂടി ആശ്രയിച്ചിരിക്കും. കാര്‍ഷിക, വ്യവസായ മേഖലകള്‍ സമന്വയിക്കുന്ന മണ്ഡലത്തില്‍ സാമുദായിക നിലപാടുകളും പ്രധാന ഘടകമാണ്.
നിയമസഭ 2016
വി.പി. സജീന്ദ്രന് (കോണ്‍ഗ്രസ്) -65,445
അഡ്വ. ഷിജി ശിവജി (സിപിഎം) -62,766
തുറവൂര്‍ സുരേഷ് (ബിഡിജെഎസ്) -16,459
യുഡിഎഫ് ഭൂരിപക്ഷം -2,679