കുന്നിക്കോട് : ദിവസേന നിരവധി ആളുകള്‍ ചികില്‍സ തേടുന്ന പത്തനാപുരം താലൂക്ക് ഇഎസ്ഐ ആശുപത്രി കാടുകയറി നശിക്കുന്നു.കോടികള്‍ മുടക്കി കുന്നിക്കോട് നിര്‍മ്മിച്ച ആശുപത്രിയുടെ പരിസരമാകെ പാഴ്ചെടികള്‍ വളര്‍ന്ന് കിടക്കുകയാണ്. തോട്ടം തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും അടക്കം നിരവധിയാളുകള്‍ ആശുപത്രിയില്‍ എത്തുന്നുണ്ട്.
രണ്ട് വര്‍ഷം മുന്‍പാണ് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചത്.ആശുപത്രിയ്ക്ക് ചുറ്റും ഒരേക്കറിലധികം ഭൂമിയാണ് ഉള്ളത്.മോടി പിടിപ്പിക്കലിന്റെ ഭാഗമായി ആശുപത്രിയ്ക്ക് മുന്നില്‍ തറയോട് പാകിയിട്ടുണ്ട്.ഇതിന്റെ നടുമുറ്റം അടക്കം പാഴ്ചെടികള്‍ വളര്‍ന്ന് കയറിയിട്ടുണ്ട്.രോഗികള്‍ക്ക് എറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാണ് പാഴ്ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നത്.
പുനലൂർ,പത്തനാപുരം മേഖലകളിൽ അധുനിക സൗകര്യങ്ങളോട് കൂടിയ ഇ എസ് ഐ ആശുപത്രിയാണ് കുന്നിക്കോട് പ്രവര്‍ത്തിക്കുന്നത്.രണ്ട് പരിശോധനമുറികൾ, ഫാർമസി,റിസപ്ഷൻ,അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ഒബ്സർവേഷൻ, ഇൻഞ്ചക്ഷൻ മുറികൾ, റിക്കോർഡ്സ് സെക്ഷൻ,ഓഫീസ് മുറി എന്നിവയാണ് ഇവിടെ ഉള്ളത്. വാഹനപാർക്കിംഗിനായി ഒരുക്കിയിരുന്ന ഭാഗം പൂര്‍ണ്ണമായും കാടുമൂടി നിലയിലാണ്.
ആശുപത്രി പരിസരം ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മാറിയിരിക്കുകയാണ്.തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ആശുപത്രി പരിസരം ശുചീകരിക്കണമെന്നാവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കാതിരിക്കാന്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്ന സര്‍ക്കാരുകള്‍ കാടുകയറി മാലിന്യം നിറഞ്ഞുകിടക്കുന്ന ആശുപത്രി കെട്ടിടം കണ്ടില്ലെന്ന് നടിക്കുകയാണ്.