പത്തനാപുരം: കുന്നിക്കോട് പച്ചില സായി ജുമാ മസ്ജിദിൽ മോഷണം. പള്ളിയ്ക്കകത്തുണ്ടായിരുന്ന അലമാര കുത്തിപ്പൊളിച്ച് ഇരുപതിനായിരം രൂപയോളം കവർന്നു. പുറത്ത് പള്ളിയോട് ചേർന്ന് വഴിയരികിലെ പ്രധാന വഞ്ചി പൊളിക്കാനുള്ള മോഷ്ടാക്കളുടെ ശ്രമം നടന്നില്ല.
സമീപത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന സി സി ക്യാമറ നശിപ്പിച്ചിട്ടാണ് മോഷ്ടാക്കൾ പള്ളിയിൽ കവർച്ച നടത്തിയിരിക്കുന്നത്.വഞ്ചിയിൽ നിന്ന് മാസത്തിൽ ഒരു ലക്ഷം രൂപവരെ വരുമാനമുള്ളതാണ്. ഇന്ന് രാവിലെ നിസ്ക്കാരത്തിനെത്തിയ വിശ്വാസികളാണ് പള്ളി തുറന്ന് കിടക്കുന്നതും അലമാര പൊളിച്ചതായും കണ്ടത്.
മഴക്കാലം പ്രയോജനപ്പെടുത്തി പ്രദേശത്ത് മോഷണ പരമ്പര തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചയിക്കിടെ പ്രദേശത്ത് നിരവധിവീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. മോഷണം നടന്ന പള്ളിയിൽകുന്നിക്കോട് പൊലീസ് എത്തി തെളിവെടുത്തു അന്വേഷണം ആരംഭിച്ചു.