കുന്നിക്കോട് : സ്ഥലപരിമിതിയില്‍ വീര്‍പ്പ് മുട്ടി കുന്നിക്കോട് പോലീസ് സ്റ്റേഷന്.വിവിധ കേസുകളുടെ ഭാഗമായി പിടിച്ചിട്ട വാഹനങ്ങള്‍ സ്റ്റേഷന് പരിസരത്ത് നിറഞ്ഞ് റോഡിന്റെ ഒരു വശത്തേക്ക് എത്തിയിരിക്കുന്നു.കുന്നിക്കോട് ഠൗണില്‍ നിന്നും പൊതുമാര്‍ക്കറ്റിലേക്ക് പോകാനുള്ള റോഡിന്റെ വശത്താണ് വാഹനങ്ങള്‍ ഇട്ടിരിക്കുന്നത്.
വാഹനങ്ങള്‍ കാരണം എറെ ബുദ്ധിമുട്ടാണ് ഇവിടെ എത്തുന്നവര്‍ക്ക് ഉണ്ടാകുന്നത്.വിവിധ കേസുകളില്‍ ഉള്‍പ്പെട്ട വാഹനങ്ങളാണ് ഇവിടെ കൂട്ടിയിട്ടിരിക്കുന്നത്.കാലപഴക്കം കാരണം തകര്‍ന്ന വാഹനത്തിന്റെ ഭാഗങ്ങള്‍ സ്റ്റേഷന്റെ പലസ്ഥലങ്ങളിലായി ചിതറി കിടക്കുകയാണ്.വാഹനങ്ങള്‍ക്ക് മുകളിലൂടെ കാടുകയറി കിടക്കുന്നതിനാല്‍ ഈഴജന്തുക്കളുടെ വിഹാരകേന്ദ്രമാണ് ഇവിടെ.പട്ടാഴി,തലവൂര്‍,വിളക്കുടി,മേലില,വെട്ടിക്കവല പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പോലീസ് സ്റ്റേഷന്.
ഇവിടെ നിന്നും നിരവധിയാളുകളാണ് ദിവസേന സ്റ്റേഷനില്‍ എത്തുന്നത്.സ്റ്റേഷനിലെത്തുന്നആവശ്യക്കാരുടെയും ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ പാതയോരത്ത് പാര്‍ക്ക് ചെയ്യാന്‍ പോലും കഴിയുന്നില്ല.കേസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ വാഹനം ഉടമയ്ക്ക് മടക്കി കൊടുക്കാം.അപകടസംബന്ധമായ കേസുകളാണെങ്കില്‍ വിധി പൂര്‍ണ്ണമായാല്‍ കോടതി വഴി ഉടമയക്ക് വാഹനം തിരികെ ലഭിക്കും.
എന്നാല്‍ വാഹനങ്ങള്‍ പലപ്പോഴും തിരിച്ചെടുക്കാന്‍ ഉടമകള്‍ വരാറില്ല.ഇത് കാരണം സ്റ്റേഷന് പരിസരങ്ങളില്‍ ഇവ കൂടികിടക്കുകയാണ് പതിവ്.പഴക്കം ചെന്ന വാഹനങ്ങള്‍ നിശ്ചിത കാലയളവിനുള്ളില്‍ ലേലം ചെയ്യണമെന്നാണ് നിര്‍ദ്ദേശം.എന്നാല്‍ കുന്നിക്കോട്,പത്തനാപുരം സ്റ്റേഷനുകളില്‍ ലേലം നടന്നിട്ട് തന്നെ വര്‍ഷങ്ങളാകുന്നു.പരിമിതമായ സ്ഥലത്തിനുള്ളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ നിറഞ്ഞതോടെ എറെ ദുരിതത്തിലാണ് കുന്നിക്കോട് പോലീസ് സ്റ്റേഷന്.