മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ നിന്ന് ചീറ്റകളെ മാറ്റാന്‍ പദ്ധതിയില്ലെന്ന് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. മഴക്കാലത്തെ പ്രാണികള്‍ മൂലം ചീറ്റകൾക്ക് ഉണ്ടാകുന്ന അണുബാധ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇത് മൂലം രണ്ട് ചീറ്റകളെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
ദക്ഷിണാഫ്രിക്ക, നമീബിയ എന്നിവടങ്ങളില്‍ നിന്നുള്ള വിദഗ്ദരുമായി വിവരങ്ങള്‍ കൈമാറി. ചീറ്റകളെ മാറ്റിയതിന് ശേഷമുള്ള ആദ്യ വര്‍ഷമാണിത്. ഇവിടുത്തെ കാലാവസ്ഥയെയും അതിന്‍റെ പ്രത്യാഘാതങ്ങളെയും കുറിച്ച് തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും യാദവ് വ്യക്തമാക്കി.
‘ഓരോ ചീറ്റയെ കുറിച്ചും ഞങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്. പദ്ധതി സമ്പൂര്‍ണ വിജയമാകണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എല്ലാ വര്‍ഷവും ചീറ്റകളെ കൊണ്ടുവരേണ്ട ഒരു വലിയ പദ്ധതിയാണിത്’. ഈ പദ്ധതിയെ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2022 സെപ്തംബറില്‍ നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയാണ് കുനോയിലേക്ക് കൊണ്ടുവന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും 12 ചീറ്റകളെയുമാണ് എത്തിച്ചത്.
മാര്‍ച്ച് മാസത്തില്‍ ഇവിടെ ജനിച്ച നാല് ചീറ്റ കുഞ്ഞുങ്ങളില്‍ മൂന്നെണ്ണം ഉള്‍പ്പെടെ ഒമ്പത് ചീറ്റകളാണ് ചത്തത്. ഇതോടെ ഒരു കുട്ടിയടക്കം പതിനഞ്ച് ചീറ്റകളാണ് നിലവിലുള്ളത്.