മണ്ണാർക്കാട്: പ്രളയക്കെടുതിയിൽ നാടെങ്ങും വൻനാശനഷ്ടങ്ങൾ ഉണ്ടായപ്പോഴും കുന്തിപ്പുഴയിൽ പ്രകൃതിയൊരുക്കിയ ബീച്ച് മനോഹര കാഴ്ച്ചയായി. മുകളിൽ നീലാകാശം, താഴെ മണൽപരപ്പ്, കേരവൃക്ഷത്താൽ ചുറ്റപ്പെട്ട പ്രദേശം, നടുവിലൂടെ തെളിനീരുമേന്തി പോകുന്ന കുന്തിപ്പുഴ, മണ്ണാർക്കാട്ടുകാർക്കിന്ന് സ്വർഗ്ഗഭൂമിയാണ് തത്തേങ്ങലം. നാശംവിതച്ച പ്രളയം കുന്തിപ്പുഴയിൽ തത്തേങ്ങലത്ത് ബാക്കിയാക്കിയത് ഇതാണ്.
മലവെള്ളപ്പാച്ചിലിൽ മാലിന്യങ്ങൾ ഒലിച്ചുപോയി, മണൽ ഒഴുകിയെത്തി, ഉരുളൻ കല്ലുകൾ ഒരുമിച്ചുകൂടി പുഴയുടെ വിസ്തീർണ്ണം വർദ്ധിച്ചു. ഇന്നൊരു ബീച്ചിന് സമമാണ് തത്തേങ്ങലത്ത് കുന്തിപ്പുഴ .നിരവധിയാളുകളാണ് ഇവിടേക്ക് പ്രകൃതിഭംഗി ആസ്വദിക്കുവാൻ എത്തുന്നത്.
ഓണമാഘോഷിക്കുന്നതിനായി മലന്പുഴയിലേക്ക് പുറപ്പെട്ടവർ സ്ഥലം മാറ്റിപ്പിടിച്ചു. ഏറെയാളുകളും സോഷ്യൽ മീഡിയകളിലൂടെ കണ്ട ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ് ഈ സ്ഥലത്തെകുറിച്ച് അറിയുന്നത്. മണൽപരപ്പിൽ യുവാക്കളുടെ ഫുട്ബോൾ കളി പുഴയിൽ കുട്ടികളുടെ നീരാട്ട്, യുവതികളും നവവധൂവരന്മാരുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് ഇവിടെയെത്തുന്നത്.
ബീച്ചിനെ പല പേരിലും നാട്ടുകാർ വിളിക്കുന്നുണ്ട്. പ്രകൃതിചൂഷകരിൽ നിന്നും ഇനിയെങ്കിലും കുന്തിപ്പുഴയെ സംരക്ഷിക്കണമെന്നും പ്രദേശവാസികൾ പറയുന്നു. മദ്യപിക്കാനോ മറ്റു സാമൂഹ്യ വിരുദ്ധ പ്ര വർത്തികൾക്കോ ആയി ആരും തത്തേങ്ങലത്തേക്ക് വരരുത്, ഇവിടെ യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. വാർഡ്മെന്പർ ഹംസ മുന്നറിയിപ്പ് നൽകുന്നു.
ഓണം അവധിയിൽ ജനങ്ങളുടെ വൻ ഒഴുക്കാണ് ഇങ്ങോട്ട് ഉണ്ടായത്. പലപ്പോഴും പോലീസെത്തിയാണ് ഇവിടെ തിരക്ക് നിയന്ത്രിച്ചത്. വെള്ളത്തിൽ ആളുകൾ ഇറങ്ങുന്നതിനു പോലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട് . പ്രകൃതി നൽകിയ സമ്മാനം എങ്ങനെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന് ചിന്തിക്കുകയാണ് നാട്ടുകാർ.