മണ്ണാര്‍ക്കാട്: കുന്തിപ്പുഴ ആറട്ടുകടവില് പുരത്തിന്റെ കഞ്ഞിപാര്‍ച്ച നടക്കുന്ന സ്ഥലം ഒറ്റപ്പാലം സബ്കളക്ടര്‍ അര്‍ജുന്‍പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.
സ്ഥലത്തിന്റെ അവകാശത്തര്‍ക്കം സംബന്ധിച്ച് കഴിഞ്ഞദിവസങ്ങളില്‍ സ്വകാര്യവ്യക്തിയും ആദിവാസി വിഭാഗക്കാരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇവ പരിഹരിക്കാനാണ് സബ്കളക്ടര്‍ എത്തിയത്.
പൂരത്തിന് ഈസ്ഥലത്ത് പാരമ്പര്യമായി കഞ്ഞിപാര്‍ച്ച വയ്ക്കുന്നവരാണ് ഇവിടുത്തെ ആദിവാസിവിഭാഗങ്ങള്‍. കഞ്ഞിപാര്‍ച്ച നടക്കുന്ന സ്ഥലത്ത് കാടുവെട്ടി തെളിക്കാന്‍ പതിവുപോലെ ഇവരെത്തിയിരുന്നു. ഇതിനിടെ, സംഘത്തിലെ ആദിവാസിമൂപ്പനെയും മകനെയും കഴിഞ്ഞദിവസം സ്വകാര്യവ്യക്തിയടക്കമുള്ളവര് കൈയേറ്റം ചെയ്തിരുന്നു.
സ്ഥലത്ത് അവകാശവാദം ഉന്നയിച്ച് സ്വകാര്യവ്യക്തി ആറാട്ടുകടവില്‍ സ്ഥാപിച്ചിരുന്ന കമ്പിവേലിയും മാറ്റി. സംഭവത്തില്‍ പ്രദേശത്തെ രണ്ടുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. പ്രശ്നം രൂക്ഷമായതോടെ കഞ്ഞിപാര്ച്ചയ്ക്കായി ഉപയോഗിച്ചുവന്ന സ്ഥലം സംബന്ധിച്ച് ആദിവാസികള്‍ ജില്ലാ പട്ടികജാതി-വര്‍ഗ കോടതിയില്‍ പരാതി നല്കി.
ഇതേത്തുടര്‍ന്ന് ആദിവാസികള്‍ക്കായി സ്ഥലമൊരുക്കിക്കൊടുക്കാന് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് കഴിഞ്ഞദിവസം ഷൊര്‍ണൂര്‍ ഡിവൈഎസ് പിയുടെ മേല്‍നോട്ടത്തില്‍ വേലി പൊളിച്ചുനീക്കി കഞ്ഞിപാര്ച്ചയ്ക്കുള്ള സൗകര്യമൊരുക്കിയത്.
സബ്കളക്ടര്‍ എത്തി കഞ്ഞിപാര്‍ച്ച സുഗമമായി നടത്താന്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. ആഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തമന്റെ നേതൃത്വത്തില്‍ ആഘോഷ കമ്മിറ്റിയംഗങ്ങളും ഒപ്പമുണ്ടാരുന്നു.