മണ്ണാർക്കാട്: കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാംപാടം കുരുത്തിച്ചാൽ ഭാഗത്ത് കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ഒഴുക്കിൽപ്പെട്ട് കാണാതായവരെ കണ്ടെത്താനായില്ല തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയാണ്.
ഫയർഫോഴ്സിന്റെയും സന്നദ്ധസംഘടനകളുടെയും, പോലീസിൻറെയും നേതൃത്വത്തിൽ മൂന്നുദിവസമായി നടക്കുന്ന തിരച്ചിലിലും ഫലം കണ്ടില്ല. വെള്ളിയാഴ്ച കാലത്ത് ആരംഭിച്ച തിരച്ചിൽ രാത്രിവരെ നീണ്ടു.
ശക്തമായ മഴയും വെള്ളത്തിന്റെ കുത്തൊഴുക്കും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചു . ഫയർഫോഴ്സും സന്നദ്ധസംഘടനകളും ചെറുസംഘങ്ങളായി തിരിഞ്ഞ് തരിശ്, തൂക്കുപാലം, ആറാട്ടുകടവ് അരകുർശ്ശി പോത്തോഴികാവ് ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.
നിലന്പൂർ എടവണ്ണയിൽ നിന്നുള്ള 15 സി. ആർ .എഫ് .അംഗങ്ങളും രാവിലെ മുതൽ തിരച്ചിലിൽ പങ്കാളികളായി. ഇവർ കൊണ്ടുവന്ന ഫൈബർ തോണി ഉപയോഗിച്ചും തിരച്ചിൽ നടത്തി.
ഇന്നലെ വൈകീട്ടോടെ പാലക്കാട് നിന്നും എത്തിയ സ്കൂബ ടീം കുന്തിപ്പുഴയിൽ വെള്ളമുയർന്നത് കാരണം തിരച്ചിൽ നടത്താതെ മടങ്ങി. ആറു ഫയർഫോഴ്സ് ജീവനക്കാരും മുപ്പത്തിയഞ്ചോളം സന്നദ്ധ പ്രവർത്തകരുമാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.