മണ്ണാർക്കാട്: വേനൽ ശക്തമായതോടെ കുന്തിപ്പുഴ നീർച്ചാലായി മാറി. പ്രധാന കടവുകളായ മാസപ്പറന്പ്, കൈതച്ചിറ, ഞെട്ടരക്കടവ് എന്നിവിടങ്ങളിലെല്ലാം ഒഴുക്കു നിലച്ചു. ഇതോടെ പ്രദേശത്തെ കിണറുകളിലെയും ജലനിരപ്പ് താഴ്ന്നു. മുൻവർഷങ്ങളിൽ ഏപ്രിൽ, മേയ് മാസങ്ങളിലാണ് ഈ സ്ഥിതിയുണ്ടാകാറുള്ളത്.
എന്നാൽ ഇത്തവണ വേനൽ നേരത്തെയെത്തി. കുന്തിപ്പുഴയിൽ വെള്ളംകുറഞ്ഞതോടെ മണ്ണാർക്കാട്ടെയും പരിസരപ്രദേശങ്ങളിലെയും കുടിവെള്ളവിതരണവും അവതാളത്തിലാകാനാണ് സാധ്യത. നിലവിൽ കുന്തിപ്പുഴയിൽ കിണർ നിർമിച്ച് അവിടെനിന്നുള്ള വെള്ളം മണ്ണാർക്കാട് ആശുപത്രിപ്പടി ടാങ്കിലെത്തിച്ച് അവിടെനിന്നും തെങ്കര, മണ്ണാർക്കാട് പഞ്ചായത്ത് പരിധികളിലേക്ക് വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.
എന്നാൽ നിലവിൽ കുന്തിപ്പുഴയിൽനിന്നും പന്പിംഗ് നിർത്തിവയ്ക്കേണ്ട സാഹചര്യമാണുള്ളത്. അനധികൃത കൈയേറ്റവും വ്യാപക മണലെടുപ്പുമാണ് വെള്ളംവറ്റുന്നതിനു പ്രധാന കാരണമാകുന്നത്.
വേനൽ ഇനിയും ശക്തമായാൽ പുഴകൾ കൈത്തോടുകളായി മാറും. കുന്തിപ്പുഴയ്ക്കു പുറമേ ചൂരിയോട്, നെല്ലിപ്പുഴ, തുപ്പനാട്ടുപുഴ എന്നിവയും വറ്റിവരണ്ടു.