തളിപ്പറമ്പ്: ദേശീയപാതാ വികസനത്തിനുവേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിലൂടെ ഇല്ലാതാകുകയാണ് 84 വര്‍ഷം പഴക്കമുളള കുപ്പം എംഎംയുപി സ്കൂള്‍. ആകെയുളള 37 സെന്റില്‍ നാലു സെന്റ് മാത്രം അവശേഷിക്കുകയും സ്കൂള്‍ തന്നെ ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥയിൽ എന്തു ചെയ്യുമെന്നറിയാതെ പകച്ചിരിക്കുകയാണ് സ്കൂള്‍ അധികാരികളും നാട്ടുകാരും.
തളിപ്പറമ്പ് പരിയാരം ദേശീയപാതയില്‍ കുപ്പം പാലത്തിനു സമീപമാണ് എംഎം യുപി സ്കൂള്‍. വിദ്യാഭാസ നിലവാരത്തിലും കുട്ടികളുടെ എണ്ണത്തിലും അടിസ്ഥാനസൗകര്യങ്ങളിലും പുരോഗതിയുടെ പാതയിലാണ് സ്കൂൾ. എന്നാല്‍ സ്കൂള്‍ അധികൃതരെയും നാട്ടുകാരെയും നിരാശരാക്കിയാണ് ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അവസാന വിജ്ഞാപനം പുറത്തു വന്നത്.
2011ല്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് സ്കൂളിന്റെ പിറകുവശത്ത് നീളത്തില്‍ ഒരു സെന്റ് സ്ഥലം മാത്രാണ് നഷ്ടപ്പെടുക. ഇതിൽ ആശ്വസിച്ചിരിക്കുമ്പോഴാണ് 2018 ജനുവരിയില്‍ പുതിയ വിജ്ഞാപനം പുറത്തുവരുന്നത്. ഇതനുസരിച്ച് 17 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന മൂന്നു നിലകെട്ടിടത്തിന്റെ പിറകുവശത്തെ കോണ്‍ക്രീറ്റ് തൂണുകള്‍ മുഴുവൻ പൊളിച്ചു നീക്കേണ്ടിവരും.
ഫലത്തില്‍ കെട്ടിടം മുഴുവനായി പൊളിച്ചു നീക്കേണ്ടിവരുമെന്ന അവസ്ഥയില്‍ സ്കൂള്‍ അധികാരികള്‍ റവന്യൂ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോള്‍ ആദ്യ അലൈമെന്റ് അനുസരിച്ചു മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്ന മറുപടിയാണ് ലഭിച്ചത്.
എന്നാൽ, കഴിഞ്ഞ നവംബറില്‍ ഇറക്കിയ അവസാന വിജ്ഞാപനമനുസരിച്ച് നീളത്തില്‍ ആറുമീറ്റര്‍ സ്ഥലം നഷ്ടമാകുമെന്ന സ്ഥിതിയാണെന്ന് സ്കൂള്‍ അധികൃതർ പറയുന്നു.
ഇതനുസരിച്ച് ആകെയുളള 37 സെന്റില്‍ 4 സെന്റ് മാത്രം അവശേഷിക്കുകയുള്ളു. എന്നാൽ,റവന്യൂ അധികൃതർ ആദ്യ അലൈമെന്റ് അനുസരിച്ചു മാത്രമേ സ്ഥലം ഏറ്റെടുക്കൂ എന്ന മറുപടി തന്നെയാണ് ഇപ്പോഴും നല്‍കുന്നത്. പുതിയ അലൈമെന്റ് അനുസരിച്ച് ജില്ലയില്‍ പൂര്‍ണമായും ഇല്ലാതാകുന്ന ഏക സ്കൂളായ കുപ്പം എംഎം യുപിസ്കൂൾ സംരക്ഷിക്കുന്നതിനെകുറിച്ച് ആലോചിക്കാന്‍ കുപ്പം മഹല്ല് കമ്മിറ്റി ജനറല്‍ബോഡി യോഗം ചേര്‍ന്നു.
വികസനത്തിന് തങ്ങള്‍ ഏതിരല്ലെന്നും നഷ്ടം കുറയ്ക്കാനുളള മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നുമുളള ആവശ്യമാണ് യോഗത്തില്‍ ഉര്ന്നതെന്ന് സ്കൂള്‍ മാനേജര്‍ ടി.പി മുഹമ്മദ് പറഞ്ഞു.590 കുട്ടികളാണ് കുപ്പം എംഎം യുപി സ്കൂളില്‍ പഠിക്കുന്നത്. 30 അധ്യാപകരുണ്ട്. കുട്ടികളുടെയും അധ്യാപകരുടെയും ഭാവി കണക്കിലെടുത്ത് സ്കൂളിനുവേണ്ടി ഒരേക്കര്‍ സ്ഥലം ഏറ്റെടുത്തു നല്കാന് സര്‍ക്കാര്‍ തയാറാകണമെന്നും യോഗത്തില്‍ ആവശ്യം ഉയര്‍ന്നു. മഹല്ല് ഖത്തീബ് അമീര്‍ അസ് അദി അധ്യക്ഷത വഹിച്ചു. എന്‍.യു റഷീദ്, അബ്ദു ഹാജി, കെ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.