നൊമിനിറ്റ ജോസ്
കൊച്ചി: വ്യത്യസ്തങ്ങളായ പല ആശയങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും ലോക് ഡൗണ്‍ കാലം സാക്ഷി ആയിട്ടുണ്ട്. അതൊക്കെയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ ലോക്ക് ഡൗണ്‍ കാലത്ത് വൈറലായൊരു ബസ് സ്റ്റോപ്പുണ്ട് തൃപ്പൂണിത്തുറയിൽ. തൃപ്പൂണിത്തുറ-വൈക്കം റോഡിലെ പാവംകുളങ്ങരയിലെ കിണര്‍ ബസ് സ്റ്റോപ്പ്.
ഉപയോഗ ശേഷം വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികള്ക്കൊണ്ടാണ് ഈ ന്യൂജന്‍ ബസ് സ്റ്റോപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. പഴയ ടയറുകള്‍ ഇവിടെ ഇരിപ്പിടങ്ങളായി. തൃപ്പൂണിത്തുറ തെക്കുംഭാഗം പാവംകുളങ്ങരിയിലുള്ള ബിഎസ്ബി ആര്ട്സ്ആന്ഡ് സ്പോര്‍ട്സ് ക്ലബിലെ 16 അംഗങ്ങളാണ് ഈ ഉദ്യമത്തിന് പിന്നിൽ.
‘ഇവിടെയൊരു ബസ് സ്റ്റോപ്പ് നിര്‍മിക്കാന്‍ ഞങ്ങള്‍ ആലോചിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കൂട്ടുകാരന്റെ കല്യാണത്തിന് പാസ് വാങ്ങിക്കാനായി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് പോലീസുകാര്‍ക്ക് കുടിക്കാന്‍ കൊടുത്ത മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ കൂടിക്കിടക്കുന്നത് കണ്ടത്. അതു തരുമോ എന്നു ചോദിച്ചു.
പിന്നെ കടകളില്‍നിന്നും മെഡിക്കല്‍ സ്റ്റോറുകളില്‍നിന്നും ശേഖരിച്ചു. മൊത്തം 700 കുപ്പികൾ. 14 ടയറുകള്‍. ഇത്രയും കൊണ്ടാണ് ബസ് സ്റ്റോപ്പ് ഒരുക്കിയിരിക്കുന്നതെന്ന് ക്ലബിന്റെ പ്രസിഡന്റ് ശ്യം സുരേന്ദ്രന് പറഞ്ഞു’.
ബസ് സ്റ്റോപ്പ് നിര്‍മിക്കാന്‍ ചെലവായത് 14000 രൂപയാണ്. പെയിന്റ്, സ്റ്റീല്ഫ്രെയിമുകള്, ടൈല്‍, പ്ലാസ്റ്റിക് മേല്‍ക്കൂര എന്നിവയ്ക്ക് മാത്രമാണ് പണം വേണ്ടിവന്നത്. ബസ് സ്റ്റോപ്പ് ഡിസൈനിംഗ് ചെയ്തതും വെല്‍ഡിംഗ്, പെയിന്റിംഗ്, ടൈല്‍സ് പാകുന്ന ജോലികള്‍ ചെയ്തതും ക്ലബ് അംഗങ്ങള്‍ തന്നെയാണ്. ആവശ്യം വന്നാല്‍ മാറ്റി മാ സ്ഥാപിക്കാവുന്ന വിധത്തിലാണ് ബസ് സ്റ്റോപ്പെന്നും ശ്യാം പറഞ്ഞു.
മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ എഴുതി തൂക്കിയ കുഞ്ഞു സ്ലേറ്റുകളും. അതാതു ദിവസത്തെ പ്രധാന വാര്‍ത്തകള്‍ എഴുതിയിടുന്നൊരു വാര്‍ത്ത ബോര്‍ഡും ബസ് സ്റ്റോപ്പില്‍ ഒരുക്കിയിട്ടുണ്ട്. പത്തുമണിപ്പൂവും പനിക്കൂര്‍ക്കയുമൊക്കെ നട്ട് ബസ് സ്റ്റോപ്പ് പരിസരം ഭംഗിയാക്കിയിട്ടുമുണ്ട്.
ചെടികള്‍ക്ക് വെള്ളമൊഴിച്ചും ബസ് സ്റ്റോപ്പിലേക്കാവശ്യമായ ലൈറ്റ് നല്‍കിയും യാത്രക്കാരും പ്രദേശവാസികളും നല്ല പിന്തുണ നല്‍കുന്നുണ്ടെന്നും ക്ലബ് അംഗങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇതുപൊലൊരു ബസ് സ്റ്റോപ്പ് നിര്‍മിച്ചു തരുമോയെന്നുള്ള അന്വേഷണങ്ങളും വരുന്നുണ്ട്.
ചെയ്തു നല്കാന് തയാറാണെന്നും ഇവര്‍ പറഞ്ഞു. കോവിഡ് കാലത്ത് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളിലൂടെ ബിഎസ്ബി അംഗങ്ങള്‍ നേരത്തെയും ശ്രദ്ധനേടിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ ആദ്യ നാളുകളില്‍ രാത്രിയില്‍ ഡ്രൈവര്‍മാര്‍ക്കായി കുണ്ടന്നൂര്‍ ജംഗ്ഷനില്‍ പൊതിച്ചോറുകള്‍ ഇവര്‍ വിതരണം ചെയ്തിരുന്നു.
കൂടാതെ പഴയ പത്രങ്ങള്‍ ശേഖരിച്ചു വിറ്റ് 31000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംഭാവന നല്‍കിയിരുന്നു. വിവിധ ജോലികള്‍ ചെയ്യുന്നവരാണ് ക്ലബിലെ 16 പേരും. ജോലി കഴിഞ്ഞെത്തിയതിനുശേഷമുള്ള സമയവും അവധി ദിവസങ്ങളുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നത്.