സ്വന്തംലേഖകൻ
തൃശൂർ: മുൻ മേയർ അജിത ജയരാജൻ രാജിവയ്ക്കുന്നതിനു മുന്പ് നടത്തിയ വിടവാങ്ങൽ പ്രസംഗത്തിൽ ഒരു കാര്യം പ്രത്യേകം എടുത്തു പറഞ്ഞിരുന്നു. പോസ്റ്റ് മാസ്റ്റർ ജനറലിന്റെ (പിഎംജി) ഒരൊപ്പ് കിട്ടിയിരുന്നെങ്കിൽ പട്ടാളം കുപ്പിക്കഴുത്തുകൂടെ പൊട്ടിച്ചിട്ട് മേയറുടെ കസേരിയിൽ നിന്ന് ഇറങ്ങാമായിരുന്നു. എന്നാൽ പിഎംജിക്ക് പനിയായതിനാൽ അനുമതിക്കുള്ള ഒപ്പിടാൻ കഴിഞ്ഞില്ല.
എന്നാൽ മേയർ രാജി വച്ചതിനുശേഷം പുതിയ മേയറായി അജിത വിജയൻ ചാർജെടുത്ത് ഒന്നര മാസം കഴിഞ്ഞിട്ടും പിഎംജിയുടെ ഒപ്പു മാത്രം കിട്ടിയില്ല. ഒരൊപ്പിടാൻ ഇത്ര താമസമെന്തെന്ന് ആർക്കുമറിയില്ല. പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ഒപ്പിട്ട പേപ്പർ ലഭിച്ചാൽ പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കാൻ സാധിക്കുമെന്ന് മേയർ അജിത വിജയൻ പറഞ്ഞു. പക്ഷേ ഇതുവരെ അത് കിട്ടിയിട്ടില്ല, അതാണ് തടസമായി നിൽക്കുന്നത്.
അജിത വിജയൻ മേയറായി വന്നതിനുശേഷം തൃശൂരിന്റെ തന്നെ മുഖഛായ മാറ്റുന്ന പട്ടാളം റോഡ് വികസനം നടത്താൻ സാധിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഒന്നര മാസമായിട്ടും ഒരനക്കവുമില്ല. എന്നാൽ ഏറെ ഗതാഗത തടസമുള്ള എംഒ റോഡിലെ പ്രശ്നം പരിഹരിക്കുന്നതിനുമുന്പു തന്നെ ഇവിടെ സബ്വേ പണി തുടങ്ങുകയും ചെയ്തു.
എന്നാൽ പിഎംജിയുടെ ഒപ്പ് വൈകുന്നതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടോയെന്നാണ് ഇപ്പോൾ സംശയം ഉയർന്നിരിക്കുന്നത്.
മുൻ മേയർ രാജൻ പല്ലന്റെ കാലത്താണ് പട്ടാളം വികസനം നടത്താനുള്ള നടപടികൾ ആരംഭിച്ചത്. പിന്നീട് ഭരണം മാറി സിപിഎം ഏറ്റെടുത്തതോടെ ഇത് തണുപ്പിച്ചു. വ്യവസ്ഥകളൊന്നും ശരിയല്ലെന്നു പറഞ്ഞ് പുതിയ കരാറുണ്ടാക്കി തങ്ങളുടെ നേതൃത്വത്തിലാണ് വികസനം നടപ്പാക്കുന്നതെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തി. സിപിഐയ്ക്കും നേട്ടം നൽകാതിരിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചു.
സി.എൻ.ജയദേവൻ എംപി സിപിഐക്കാരനായതിനാൽ ആലത്തൂരിലെ സിപിഎം എംപി പി.കെ.ബിജുവിനെ ഉൾപ്പെടുത്തി കാര്യങ്ങൾക്ക് നീക്കം നടത്തിയെങ്കിലും തൃശൂരിലെ എംപിയെ ഉൾപ്പെടുത്താതെ ഒന്നും നടക്കില്ലെന്ന് മനസിലായതോടെ വീണ്ടും തണുത്തു. ഇതിനിടെ കോർപറേഷൻ പുതിയ കരാർ ഉണ്ടാക്കിയ വിവരം സി.എൻ.ജയദേവൻ എംപിയെ അറിയിക്കാതെ എംപി പഴയ കരാറുമായി ബന്ധപ്പെട്ട വിഷയം ലോക്സഭയിൽ സബ്മിഷനായി അവതരിപ്പിച്ച് നാണം കെട്ടതും സിപിഎം-സിപിഐ പോരിന് മൂർച്ചയേറി.
ഒടുവിൽ സിപിഎം മേയറായിരിക്കുന്പോൾ തന്നെ പട്ടാളം വികസനം നടപ്പാക്കാൻ എല്ലാ ശ്രമവും നടത്തിയെങ്കിലും പിഎംജിക്ക് പനിയായതിനാൽ ഒപ്പിടാൻ കഴിഞ്ഞില്ല. സിപിഐയിലെ മേയർ അജിത ചാർജെടുത്തപ്പോൾ പട്ടാളം വികസനം തുടക്കത്തിൽ തന്നെ നടപ്പാക്കാൻ കഴിയുമെന്നു തന്നെയാണ് കരുതിയിരുന്നത്. എന്നാൽ സിപിഎമ്മിന്റെ തന്നെ ഇടപെടൽ മൂലമാണ് പിഎംജി നിലപാട് മാറ്റിയിരിക്കുന്നതെന്നാണ് സൂചന.
ഒരു വർഷത്തിനുശേഷം സിപിഎം മേയർ തിരിച്ചെത്തുന്പോൾ പട്ടാളം റോഡ് വികസനം നടപ്പാക്കിയാൽ മതിയെന്നു രഹസ്യ ധാരണയുണ്ടാക്കിയതായി പറയുന്നു. കോർപറേഷൻ തയ്യാറാക്കിയ ധാരണാപത്രം സംസ്ഥാന പോസ്റ്റുമാസ്റ്റർ ജനറൽ ഡൽഹി ഡയറക്ടറേറ്റിലേക്കയച്ചുവെന്നു പറഞ്ഞാൽ മതിയെന്നാണ് പാർട്ടി കൗണ്സിലർമാരെ ധരിപ്പിച്ചിരിക്കുന്നത്.
പുതിയ വ്യവസ്ഥകൾ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനു വിടണമെന്നും ധാരണ പരത്തിയിരിക്കയാണ്. ഇതിനെതിരെ നീങ്ങാൻ സിപിഐക്കും മേയർക്കും കഴിയുന്നില്ല. രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി നഗരത്തിലെ ഏറ്റവും അത്യാവശ്യം നടപ്പാക്കേണ്ട വികസനം മനപ്പൂർവം വൈകിപ്പിക്കുന്നത് സിപിഎമ്മിന് തിരിച്ചടിയായി മാറുമെന്നതിൽ സംശയമില്ല. കോർപറേഷൻ പ്രതിപക്ഷാംഗങ്ങളും ഈ വിഷയത്തിൽ ഭരണകക്ഷിയെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമത്തിലാണ്.