എടത്വ: ചുട്ടുപൊള്ളുന്ന വേനലിൽ ദാഹിച്ചു വരളുന്നവർ ഒരു തുള്ളി വെള്ളത്തിനായി കേഴുമ്പോൾ അവരെ ചൂഷണം ചെയ്ത് കുടിവെള്ളം വില്പന.
ഗുണനിലവാരമില്ലാത്ത വെള്ളത്തോടൊപ്പം പ്ലാസ്റ്റിക്ക് കുപ്പികളിലും ജാറുകളിലും വെള്ളംനിറച്ച് വാഹനങ്ങളിൽ നിന്ന് ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്ന വെള്ളം കാൻസർപോലെയുള്ള മാരകരോഗങ്ങളും അതുപോലെ ജലജന്യ സാംക്രമിക രോഗങ്ങളും പിടിപെടാനുള്ള സാധ്യതയുള്ളതാണെന്ന് ആരോഗ്യമേഖല.
വേനൽ കാലത്ത് വാഹനങ്ങളിൽ കുപ്പിവെള്ളം കൊണ്ടുപോകുന്പോൾ നല്ലതുപോലെ കുപ്പികൾ പടുത പോലെയുള്ളവകൊണ്ടു മൂടണം. അല്ലാത്തപക്ഷം കുപ്പിയിലുള്ള വെള്ളം സൂര്യന്റെ ചൂടേൽക്കുന്പോൾ രാസപ്രവർത്തനങ്ങൾക്ക് വിധേയമാകുകയും ഈ വെള്ളം ഉപയോഗിക്കുന്നവർക്ക് കാൻസർ പോലുള്ള മാരകരോഗമുണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ആരോഗ്യമേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്.
പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളിൽ മൂടിയോ അല്ലാത്തപക്ഷം കുപ്പിവെള്ളത്തിൽ സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിറക്കിയിരുന്നു.
എന്നാൽ വില്പന നടത്തുന്നവർ കുപ്പിവെള്ളം ഇറക്കുന്നതിന്റെ കാലതാമസം ഒഴിവാക്കാൻ മൂടികൾ ഉപേക്ഷിക്കുകയാണ് പതിവ്. നിയമം കാറ്റിൽ പറത്തി കുപ്പിവെള്ളം നിറച്ച വാഹനങ്ങൾ ചീറിപ്പായുന്പോഴും നടപടിയെടുക്കേണ്ട ഭക്ഷ്യ സുരക്ഷാ വകുപ്പോ ആഭ്യന്തര-ആരോഗ്യ വകുപ്പോ നടപടിയെടുക്കാതെ പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്.
എന്നാൽ കുടിവെള്ളം സംഭരിക്കുന്ന സ്ഥലങ്ങളിലെ ഭൗതികസാഹചര്യങ്ങളോ ലൈസൻസോ പരിശോധന നടത്താനോ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്നും പരക്കെ ആക്ഷേപമുണ്ട്. കുപ്പിവെള്ള വിതരണം നടത്തുന്നത് കൂടുതലും അംഗീകൃത ഏജൻസികളല്ല.
വ്യാജ സ്റ്റിക്കർ കുപ്പികളിൽ പതിച്ച് ഗുണനിലവാരമില്ലാത്ത വെള്ളം വിതരണം ചെയ്തിട്ടും പരിശോധന നടത്തേണ്ട വകുപ്പുകൾ പരസ്പരം പഴിചാരുന്നതല്ലാതെ ഉത്തരവുകൾ ലംഘിച്ച് കുപ്പിവെള്ള വിതരണം നടത്തുന്നവരെ നിയമത്തിന്റെ മുന്പിൽ കൊണ്ടുവരുവാൻ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.