ആലുവ: റെയിൽവേ സ്റ്റേഷനിൽ കുപ്പിവെള്ളത്തിന് അമിതവില ഈടാക്കുന്ന പരാതിയിൽ സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് നടപടിയാരംഭിച്ചു.
ഇതിന്റെ ഭാഗമായി ഇന്നലെ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിൽ വിൽക്കാൻ വച്ച കുടിവെള്ള കേസുകൾ പിടിച്ചെടുത്തു. പിടിച്ചെടുത്തവ ആലുവ കോടതിയിൽ ഹാജരാക്കി.
അനുവദനീയമായ 13 രൂപയേക്കാൾ രണ്ടു രൂപ വർധിപ്പിച്ച് 15 രൂപയ്ക്ക് വിറ്റതിനാണ് കുപ്പികൾ പിടിച്ചെടുത്തത്. കേന്ദ്ര നിയമ പ്രകാരം കുടിവെള്ളക്കുപ്പിക്ക് 13 രൂപ യിൽ കൂടുതൽ ഈടാക്കാൻ പാടില്ല.
കൂടുതൽ ഈടാക്കിയാൽ ശിക്ഷാർഹവുമാണ്. കഴിഞ്ഞ വർഷം മാർച്ച് മുതൽ നടപ്പിലാക്കിയ നിയമപ്രകാരം പരിശോധനയ്ക്കു നിർദേശിക്കുകയായിരുന്നെന്ന് ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ ഷാമോൻ “രാഷ്ട്രദീപിക’ യോട് പറഞ്ഞു.
റെയിൽവേ പ്ലാറ്റ്ഫോമിലെ സ്റ്റാളുകളിൽ ആണ് അമിത വില ഈടാക്കുന്നത്. റെയിൽവേയുടെ വിഭാഗമായ ഐസിആർടിസിയാണ് കുടി വെള്ളക്കുപ്പികളിൽ 15 രൂപ എംആർപി അടിച്ച് വിൽക്കുന്നത്.
ഐആർസിടിസി എന്ന പേരിൽ പാറശാലയിലാണ് കുപ്പി വെള്ളം ഉത്പാദിപ്പിക്കുന്നത്. റെയിൽവേയ്ക്കെതിരേയും സ്റ്റാൾ ഉടമയ്ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നതെന്ന് ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഡെപ്യൂട്ടി കൺട്രോളർ ഷാമോൻ അറിയിച്ചു.
ലീഗൽ മെട്രോളജി ഫ്ലൈയിംഗ് സ്ക്വാഡ് ഇൻസ്പെക്ടർ ബാബു കെ ജോർജ്, അസി. അഷറഫ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
പുതിയ നടപടിയനുസരിച്ച് സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനിൽ നിന്നും അമിത വിലയുള്ള കുപ്പിവെള്ളം പിൻവലിക്കേണ്ടതായി വരും.