ആലപ്പുഴ: ചില്ലറ വിൽപ്പന കേന്ദ്രങ്ങളിലടക്കം 12 രൂപയ്ക്ക് കുപ്പിവെള്ളം വിൽക്കണമെന്ന് കന്പനി ഉടമകൾ പറയുന്പോഴും കുറഞ്ഞവിലയ്ക്ക് കച്ചവടക്കാർ വിൽക്കാൻ തയാറാകുന്നില്ലെന്ന് ഉത്പാദകർ. കുപ്പിവെള്ള നിർമാണ കന്പനികളുടെ സംഘടനയായ കേരള ബോട്ടിൽഡ് വാട്ടർ മാന്യുഫാക്ചേഴ്സ് അസോസിയേഷൻ ആണ് വ്യാപാരികൾ കുപ്പിവെള്ളം വിലകുറച്ച് വിൽക്കുന്ന കാര്യത്തിൽ കാര്യമായ പിൻതുണ നൽകുന്നില്ലെന്ന് ആരോപിക്കുന്നത്.
നിലവിൽ 240 ശതമാനം ലാഭമാണ് ചെറുകിട കച്ചവടക്കാർക്ക് കുപ്പിവെള്ള വിൽപ്പനയിലൂടെ ലഭിക്കുന്നത്. കന്പനികൾ ഡിസ്ട്രിബ്യൂട്ടർമാർക്ക് കുപ്പിവെള്ളം നൽകുന്ന വിലയിലോ ഡിസ്ട്രിബ്യൂട്ടർമാർ ചെറുകിട കച്ചവടക്കാർക്ക് വെള്ളം നൽകുന്ന വിലയിലോ മാറ്റമുണ്ടായിട്ടില്ല.
ചെറുകിട കച്ചവടക്കാരുടെ ലാഭത്തിൽ കുറവുണ്ടാകുന്നത് അംഗീകരിക്കാൻ തയാറായാൽ 12 രൂപയ്ക്ക് ഒരു ലിറ്റർ വെള്ളം വിൽപ്പന നടത്താൻ കഴിയുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. സോമൻ പിള്ള പറഞ്ഞു.അസോസിയേഷന് കീഴിലെ നൂറിലധികം അംഗങ്ങൾ 12 രൂപ നിരക്കിൽ കുപ്പിവെള്ള വിൽപ്പയ്ക്ക് വിപണിയിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എന്നാൽ വൻകിട കന്പനികൾ വില കുറയ്ക്കാൻ തയാറായിട്ടില്ല. കമ്മീഷൻ കൂടുതൽ ലഭിക്കുന്നതിനാൽ ചെറുകിട കന്പനികളുടെ കുപ്പിവെള്ളം വാങ്ങാൻ കച്ചവടക്കാർ തയാറാകാത്ത സാഹചര്യമാണുള്ളത്. കുറഞ്ഞ വിലയ്ക്ക് വെള്ളം വിൽക്കാൻ നടപടി സ്വീകരിക്കുന്പോഴും ബിഐഎസ് പ്രകാരമുള്ള മാനദണ്ഡങ്ങളിൽ ഒരു കുറവും വരുത്താൻ കഴിയില്ലായെന്ന യാഥാർഥ്യം പൊതുജനങ്ങളും മനസിലാക്കേണ്ടതുണ്ട്.
കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കാനുള്ള സംഘടനാ തീരുമാനത്തോട് അനുകൂല സമീപനമാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ കുപ്പിവെള്ളത്തിന്റെ വില കുറയ്്ക്കാൻ വ്യാപാരികളും കുറഞ്ഞ വിലയുടെ വെള്ളം വാങ്ങാൻ ഉപഭോക്താക്കളും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ അസോസിയേഷൻ ഭാരവാഹികളായി ജിമ്മി വർഗീസ്, പ്രസാദ് ജെയിംസ്, ബാബു കുര്യൻ എന്നിവരും പങ്കെടുത്തു.