തിരുവനന്തപുരം: കുപ്പിവെള്ളം വിലകുറച്ചു വിൽക്കാൻ തയാറാവാത്തതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി.തിലോത്തമൻ. കുപ്പിവെള്ളം അവശ്യസാധനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് സർക്കാർ പരിശോധിക്കുകയാണ്.
ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിവിൽ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുപ്പിവെള്ളം 12 രൂപയ്ക്ക് വിൽക്കാനുള്ള സർക്കാർ തീരുമാനം അട്ടിമറിക്കപ്പെട്ടതിനെക്കുറിച്ച് ദീപിക നൽകിയ വാർത്തയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
കുപ്പിവെള്ളം എട്ടു രൂപയ്ക്ക് നൽകാൻ നിർമാതാക്കൾ തയാറാണ്. നാലു രൂപ വ്യാപാരികളുടെ കമ്മീഷൻ നിശ്ചയിച്ച് 12 രൂപയ്ക്ക് വിൽക്കാനുള്ള തീരുമാനം സർക്കാർ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് കൈക്കൊണ്ടത്.
എന്നാൽ എട്ടു രൂപയ്ക്ക് നിർമാതാക്കളിൽ നിന്ന് വാങ്ങി 12 രൂപയ്ക്ക് വിൽക്കാൻ വ്യാപാരികൾ തയാറാകുന്നില്ല. 12 രൂപ പ്രിന്റ് ചെയ്ത കുപ്പിവെള്ളം വ്യാപാരികൾ നിർമാതാക്കളിൽ നിന്ന് വിൽപനയ്ക്കായി എടുക്കാത്തതാണ് നിലവിലെ പ്രശ്നം. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതു മറികടക്കാനാണ് അവശ്യ വസ്തുക്കളുടെ പട്ടികയിൽ കുപ്പിവെള്ളത്തെക്കൂടി കൊണ്ടുവരാൻ ശ്രമം ആരംഭിച്ചിരിക്കുന്നത്.
നിയമനിർമ്മാണം നടത്തുന്നതോടെ വ്യാപാരികൾ 12 രൂപയ്ക്ക് കുപ്പിവെള്ളം വിൽപന നടത്തേണ്ടി വരും. അല്ലാത്തപക്ഷം സർക്കാരിന് നടപടി സ്വീകരിക്കാം. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് ഈ വിഷയത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ട്. ഇതു മറികടക്കാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്.
നിർമാതാക്കൾ വിലകുറച്ച് കുപ്പിവെള്ളം നൽകാത്തതു കൊണ്ടാണ് ഇപ്പോഴും കുപ്പിവെള്ളം 20 രൂപയ്ക്ക് വിൽക്കേണ്ടി വരുന്നതെന്നാണ് വ്യാപാരി വ്യവസായി നേതൃത്വം പറയുന്നത്. ഇതു തെറ്റാണെന്നാണ് മന്ത്രിയുടെ വിശദീകരണത്തിൽ നിന്ന് വ്യക്തമാകുന്നത്. ഇക്കാര്യത്തിൽ കൃത്യമായ ഇടപെടൽ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാൽ കടുത്ത ചൂടിൽ പൊള്ളുന്ന വില കൊടുത്താണ് ഇപ്പോഴും പൊതുജനത്തിന് കുപ്പിവെള്ളം വാങ്ങേണ്ടി വരുന്നത്.
എം.ജെ ശ്രീജിത്ത്