കാക്കനാട്: തുറന്ന വാഹനത്തിൽ സൂര്യപ്രകാശം ഏൽക്കുന്ന രീതിയിൽ കുപ്പിവെളളം കൊണ്ടുപോയ 12 വാഹനങ്ങൾക്കെതിരേ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. നേരിട്ടു സൂര്യപ്രകാശം ഏൽക്കരുതെന്നു നിർമാതാക്കൾ തന്നെ കുപ്പിവെള്ളത്തിന്റെ പുറത്തു മുന്നറിയിപ്പ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ഇത് അവഗണിച്ച് തുറന്ന വാഹനങ്ങളിലാണ് വെള്ളം കൊണ്ടുപോകുന്നെന്ന പരാതികൾ വർധിച്ചതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങിയത്. പിടിച്ചെടുത്ത വാഹനങ്ങൾ നിയമാനുസൃതം മൂടിക്കെട്ടിച്ചശേഷം പിഴ ഈടാക്കി വിട്ടയച്ചു.
ഒരിക്കൽ മാത്രം ഉപയോഗിക്കാൻ തക്കമുള്ള പ്ലാസ്റ്റിക് കുപ്പികളിൽ നിറയ്ക്കുന്ന കുപ്പിവെള്ളം നേരിട്ടു സൂര്യപ്രകാശം ഏറ്റു ചൂടായാൽ പ്ലാസ്റ്റിക്കിൽനിന്നും രാസപദാർഥങ്ങൾ വെള്ളത്തിൽ കലരും. ഈ വെള്ളം കുടിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.
കേന്ദ്ര മോട്ടോർ വാഹന ചട്ടം 138 ബി പ്രകാരം തുറന്ന വാഹനങ്ങളിൽ കയറ്റുന്ന ചരക്ക് ടർപോളിനോ അതിനു തുല്യമോ ആയ ഷീറ്റ് കൊണ്ട് പൂർണമായും മൂടിക്കെട്ടിവേണം കൊണ്ടു പോകാൻ. അടുത്ത ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ കെ. മനോജ് കുമാർ അറിയിച്ചു.