അഴീക്കോട്: വൻകുളത്തുവയലിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിക്കു നേരെ അക്രമം. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു.
യൂത്ത് കോൺഗ്രസ് അഴീക്കോട് മണ്ഡലം സെക്രട്ടറി സി.കെ. രാഗേഷ് (42), പുന്നക്കപ്പാറയിലെ ഷറഫുദ്ദീൻ (30) എന്നിവർക്കാണ് പരിക്കേറ്റത്.
വൻകുളത്തുവയലിൽ കോൺഗ്രസ് ഓഫീസിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.എം. ഷാജി പ്രസംഗിച്ച ശേഷം യോഗം പിരിയുന്പോഴാണ് പത്തോളം വരുന്ന സിപിഎം പ്രവർത്തകർ കുപ്പി എറിഞ്ഞതെന്ന് കോൺഗ്രസ് ആരോപിച്ചു. രാത്രി 8.30 ഓടെയായിരുന്നു സംഭവം.
കുപ്പിയേറിൽ പരിക്കേറ്റ രണ്ടു പേരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് വാക്കേറ്റവും കയ്യാങ്കളി ശ്രമവുമുണ്ടായി.
കോൺഗ്രസിന്റെ പരാതിയിൽ വളപട്ടണം പോലീസ് മൂന്നുപേർക്കെതിരെയും കണ്ടാലറിയാവുന്ന പത്തു പേർക്കെതിരെയും കേസെടുത്തു. സിപിഎം പ്രവർത്തകരായ ബാബു, സുഗുണൻ, പ്രഭാകരൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.
അക്രമത്തിൽ പ്രതിഷേധിച്ച് ഇന്നു വൈകുന്നേരം അഞ്ചിന് യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടക്കും. പ്രതിഷേധ യോഗത്തിൽ കെ. സുധാകരൻ എംപി പ്രസംഗിക്കുമെന്ന് നേതാക്കൾ അറിയിച്ചു.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന അഴീക്കോട് മേഖലയിൽ ബോധപൂർവം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരേ പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.കെ. അജിത്ത് പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ രാഷ്ടീയമില്ല: സിപിഎം
അഴീക്കോട് വൻകുളത്തുവയലിൽ ഇന്നലെ യുഡിഎഫ് തെരഞ്ഞെടുപ്പ് പൊതുയോഗ വേദിക്കു നേരെ നടന്ന അക്രമത്തിൽ രാഷ്ട്രീയമില്ലെന്ന് സിപിഎം അഴീക്കോട് സൗത്ത് ലോക്കൽ സെക്രട്ടറി മണ്ടൂക്ക് മോഹനൻ പറഞ്ഞു.
യോഗം കഴിഞ്ഞതിന് ശേഷം ഏതോ ഒരു മദ്യപൻ കുപ്പി എറിഞ്ഞതാണ്. ഇയാളെ കോൺഗ്രസുകാർ പൊതിരെ തല്ലുന്നത് കണ്ട് സിപിഎം പ്രവർത്തകർ പിടിച്ചു മാറ്റാൻ ശ്രമിച്ചതാണ് അക്രമായി വ്യാഖ്യാനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.