ചെങ്ങന്നൂർ: പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് പുതിയ മാനം നൽകി ഒരു കൂട്ടം കോളജ് വിദ്യാർഥികൾ. പ്രളയത്തിന് ശേഷം തോട്ടപ്പള്ളി കടൽത്തീരത്ത് വലിയ പാരിസ്ഥിതിക പ്രശ്നം സൃഷ്ടിച്ചു കൊണ്ട് അടിഞ്ഞുകൂടിയ ഗ്ലാസ് കുപ്പികൾ ശേഖരിച്ചു കൊണ്ടാണ് ക്രിസ്ത്യൻ കോളജിലെ ബേർഡ്സ് ക്ലബ് ഇന്റർനാഷണൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒരു കൂട്ടം വിദ്യാർഥികൾ സാമൂഹ്യ സന്ദേശം ഉയർത്തുന്നത്.
പാരിസ്ഥിതിക പ്രശ്നം സൃഷ്ടിക്കുന്ന ഗ്ലാസ് കുപ്പികൾ ശേഖരിച്ച് പുനരുപയോഗത്തിനു സജ്ജമാക്കുകയാണ് ഇവർ.ഇതിന്റെ ഭാഗമായി പ്രധാനമായും ഹൗസ് ബോട്ട് ടൂറിസത്തിന്റെ അവശേഷിപ്പായി കായലുകളിൽ നിന്ന് കടലിൽ എത്തുന്ന ആയിരക്കണക്കിന് മദ്യക്കുപ്പികളിൽ ഭൂരിഭാഗവും ക്ലബ് അംഗങ്ങൾ ശേഖരിച്ചു.
ഇവയെല്ലാം തന്നെ പ്രായോഗികവും കലാപരവുമായ നൂതന ആശയങ്ങൾ ഉപയോഗിച്ച് ബേർഡ് ഫീഡറുകൾ, അലങ്കാര വിളക്കുകൾ, ഫിഷ് ബൗളുകൾ, സ്നേഹ സമ്മാനങ്ങൾ എന്നിവയാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ഈ കൂട്ടായ്മ. പ്രളയത്തിന് ശേഷം ധാരാളമായി തീരത്ത് അടിഞ്ഞ ഈ കുപ്പികൾ അലങ്കാര വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും ആക്കി മാറ്റിയ ശേഷം അവയുടെ വില്പനയിലൂടെ സ്വരൂപിക്കുന്ന പണം പ്രളയബാധിത പ്രദേശത്തെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാനാണ് ഇവരുടെ തീരുമാനം.
ദേശാടനക്കാരായ കടൽ പക്ഷികളുടെയും പ്രജനനത്തിനായി എത്തുന്ന കടലാമകളുടെയും വരവ് തോട്ടപ്പള്ളി, പല്ലന ഭാഗങ്ങളിൽ വരും മാസങ്ങളിൽ ഉണ്ടാകാനിരിക്കെ കടൽ തീരത്തെ ഇപ്പോഴത്തെ പരിസ്ഥിതി സൗഹൃദമല്ലാത്ത സാഹചര്യം അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ കൊണ്ടു വരിക എന്നതാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് വിദ്യാർത്ഥികൾ പറയുന്നു.
ഗ്ലാസ് ബോട്ടിൽ അപ്സൈക്ലിങ് ചലഞ്ച് എന്നാണ് ഈ പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഉദ്യമത്തിന് കോളജ് പ്രിൻസിപ്പൽ ഡോ. ജോണ്സണ് ബേബി, ജന്തുശാസ്ത്ര വകുപ്പ് മേധാവി ഡോ. ആനിസ് ജോസഫ് എന്നിവരുടെ സ്നേഹം നിറഞ്ഞ പിന്തുണ ഉണ്ട്.സംഘടനയുടെ സംസ്ഥാന കോ ഓർഡിനേറ്ററും സൂവോളജി വിഭാഗം അധ്യാപകനുമായ ഡോ. ആർ. അഭിലാഷ് നേതൃത്വം നല്കുന്നു.
കടലാമകളുടെ സംരക്ഷണം ലക്ഷ്യമാക്കി തോട്ടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്രീൻ റൂട്സ് എന്ന സംഘടനയുടെ സഹകരണവും പദ്ധതിയിൽ ഉണ്ട്. മാനേജ്മെന്റിന്റെയും, ക്ലബ് അംഗങ്ങൾ ആയ വിദ്യാർഥികളുടെയും പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ക്രിസ്ത്യൻ
കോളജ്.