തൃശൂർ: പട്ടാളം റോഡിലെ കുപ്പിക്കഴുത്ത് പൊട്ടിക്കാൻ തപാൽ വകുപ്പും കോർപറേഷനുമായി പുതിയ ധാരണാപത്രമുണ്ടാക്കി. തപാൽവകുപ്പ് സ്ഥലമൊഴിയുന്നതോടെ കെട്ടിടം പൊളിച്ചുമാറ്റി റോഡിനു വീതി കൂട്ടാനാണ് ധാരണ. കരാറിന് ഇന്നലെ ചേർന്ന കോർപറേഷൻ കൗണ്‍സിൽ യോഗം അനുമതി നൽകി. ധാരണാപത്രം ഒപ്പുവച്ച് എട്ടുമാസത്തിനകം കോർപറേഷൻ തപാൽവകുപ്പിനു പുതിയ കെട്ടിടം പണിതുനൽകും.
2015 ഒക്ടോബർ ഒന്നിനു പട്ടാളം കുപ്പിക്കഴുത്ത് പൊട്ടിക്കുന്നതിന് അന്നത്തെ ഭരണസമിതി തപാൽവകുപ്പുമായി ധാരണാപത്രമുണ്ടാക്കിയിരുന്നു. എന്നാൽ അതു പിന്നീടു കാലഹരണപ്പെട്ടു. തങ്ങളുടെ കാലത്തുണ്ടാക്കിയ ധാരണാപത്രത്തിൽ ചെറിയ മാറ്റമാണ് വന്നിട്ടുള്ളതെന്നു കോണ്‍ഗ്രസ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. തപാൽ വകുപ്പിന് 3,500 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടമാണ് പണിതു നൽകുക.
പുതിയ കെട്ടിടത്തിനു തത്തുല്യമായ തുകയ്ക്കുള്ള ബാങ്ക് ഗാരന്റി വേണമെന്ന വിവാദ വ്യവസ്ഥ പുതിയ കരാറിൽ ഇല്ല. തൃശൂർ സെൻട്രൽ തപാൽ ഓഫീസും സ്പീഡ് പോസ്റ്റ് ഓഫീസും നിലനിൽക്കുന്ന കെട്ടിടവും 16.5 സെന്റ് ഭൂമിയും കോർപറേഷനു കൈമാറും. പുതിയ വ്യവസ്ഥ നിലവിൽ വന്ന് ഒരു മാസത്തിനകം പകരം നൽകുന്ന ഭൂമിയുടെ ആധാരം നഗരസഭ തപാൽവകുപ്പിനു കൈമാറണം. ഇതിന്റെ ചെലവും കോർപറേഷൻ വഹിക്കും.
വകുപ്പു നിശ്ചയിക്കുന്ന പ്ലാനും എസ്റ്റിമേറ്റും അനുസരിച്ചാണ് പുതിയ കെട്ടിടം പണിയേണ്ടത്. തപാൽവകുപ്പ് വിട്ടുനൽകുന്ന ഭൂമിയുടെ വില കോർപറേഷൻ പകരം നൽകുന്ന ഭൂമിയുടെ വിലയ്ക്കു സമാനമല്ലെങ്കിൽ തുകയിൽ വരുന്ന വ്യത്യാസം കോർപറേഷൻ നല്‍കണമെന്നതാണ് മറ്റൊരു വ്യവസ്ഥ.
പുതിയ കെട്ടിടം പൂർത്തിയാകുംവരെ തൊട്ടടുത്തുള്ള നഗരസഭാ കെട്ടിടത്തിൽ സെൻട്രൽ തപാൽ ഓഫീസിനും സ്പീഡ് പോസ്റ്റ് ഓഫീസിനും പ്രവർത്തിക്കാൻ വാടകയില്ലാതെ സ്ഥലം വിട്ടുനൽകും. കൗണ്ടറുകൾ സ്വന്തം ചെലവിൽ കോർപറേഷൻ പണിതുനൽകണം. വെള്ളം, വെളിച്ചം തുടങ്ങിയ സൗകര്യങ്ങളും സൗജന്യമാണ്.ദീർഘവീക്ഷണവും ആവശ്യമായ പഠനവും നടത്താതെയാണ് 2015 ലെ കരാർ തയാറാക്കിയതെന്നു മേയർ കുറിപ്പു നല്‍കിയിരുന്നു.
ഇതിലാണ് പ്രതിപക്ഷം വിയോജിപ്പു പ്രകടിപ്പിച്ചത്. വടക്കേ ബസ് സ്റ്റാൻഡ് നിർമാണത്തിനു സൗത്ത് ഇന്ത്യൻ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചതിനും യോഗം അനുമതി നൽകി. ഒരുവർഷത്തിനകം വടക്കേ ബസ് സ്റ്റാൻഡ് ബാങ്ക് നിർമിച്ചുനൽകും. സെപ്റ്റംബർ മൂന്നിലെ കൗണ്‍സിൽ തീരുമാനമനുസരിച്ച് കോർപറേഷൻ സ്റ്റേഡിയത്തിന്റെ പടിഞ്ഞാറുഭാഗത്തും കല്യാണ്‍ ഹൈപ്പർ മാർക്കറ്റിനു വടക്കുഭാഗത്തുമുള്ള കോർപറേഷൻ സ്ഥലം താത്കാലിക ബസ് സ്റ്റാൻഡിനു വിനിയോഗിക്കും.