റാന്നി: പട്ടാപ്പകൽ കാടുവിട്ട് നാട്ടിലിറങ്ങുന്ന വാനരസംഘം നാട്ടുകാർക്കു തലവേദനയാകുന്നു. അങ്ങാടി പഞ്ചായത്തിലെ മണ്ണാറത്തറ, വലിയകാവ്, ഏഴോലി, കരിയംപ്ലാവ് എന്നിവിടങ്ങളിലാണ് വാനരശല്യം വർധിച്ചിരിക്കുന്നത്. ചിലയിടങ്ങളിൽ ഇവ കൂട്ടത്തോടെ എത്തി ശല്യമുണ്ടാക്കുന്നു. ജനവാസ മേഖലയിലെ വീടുകളിലാണ് ഇവരുടെ നിത്യസന്ദർശനം.
കാർപോർച്ചിൽ കിടക്കുന്ന വാഹനങ്ങൾക്ക് കേടുപാടുണ്ടാക്കുക, അലക്കി ഉണങ്ങാനിട്ടിരിക്കുന്ന തുണികൾ എടുത്തോണ്ടു പോകുക, വയറുകൾ കടിച്ചു പൊട്ടിക്കുക എന്നിവ ചെയ്തു വരുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. അടുക്കള ഭാഗത്തും വീടിനുള്ളിലും ഇവ കയറാനും ശ്രമിക്കുന്നുണ്ട്.
വീടിനു പുറത്തു നിൽക്കുന്ന കുട്ടികൾക്കു നേരെയും വാനരസംഘം ആക്രമണം നടത്തുന്നുണ്ട്. നാട്ടുകാർ ഭീതിയോടെയാണ് കഴിയുന്നത്. റാന്നി പഞ്ചായത്തിലെ മൂന്നാം വാർഡിലും കുരങ്ങ് ശല്യമുണ്ട്. തീറ്റ തേടി വനത്തിനോട് ചേർന്ന പ്രദേശത്തേയ്ക്ക് കൂട്ടം കൂട്ടമായി ഇവ എത്തുകയാണ്. ഒരാഴ്ചയിലേറെയായി വാനരശല്യം അനുഭവപ്പെടാൻ തുടങ്ങിയിട്ടെന്നും ഇപ്പോൾ ശല്യമേറിയിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.