തിരുവാതുക്കൽ: ഉള്ളാട്ടിപ്പടി വീട്ടിലേക്ക് ഇന്നലെ വിദേശത്തുനിന്നു പ്രവീണെത്തിയപ്പോൾ കാത്തിരിക്കാൻ ആരുമില്ല. അച്ഛനും അമ്മയും ഭാര്യയും മകനും ഭാര്യാ മാതാവുമാണ് അപകടത്തിൽ മരിച്ചത്. കുവൈറ്റിൽ കാർ ഷോറൂമിൽ ജോലി ചെയ്യുന്ന പ്രവീണ്‍ എല്ലാ വർഷവും നാട്ടിലെത്താറുണ്ട്.
അപകടമുണ്ടായിക്കഴിഞ്ഞപ്പോൾ ബന്ധുക്കളാണു വിവരം പ്രവീണിനെ അറിയിച്ചത്. മരണവിവരം പറഞ്ഞിരുന്നില്ല. ഉടൻതന്നെ യാത്ര തിരിച്ച പ്രവീണ്‍ ഇന്നലെ രാത്രി നാട്ടിലെത്തി. തന്പിയുടെ തറവാട് വീടായിരുന്നു ഇത്. കുറച്ചു നാളു മുന്‍പാണു വീട് പുതുക്കി പണിതു രണ്ടു നിലയാക്കിയത്.
അപകട വിവരം അറിഞ്ഞു പുലർച്ചെ ബന്ധുക്കൾ എത്തിയപ്പോഴും വീട്ടിനുള്ളിലേക്കു പ്രവേശിക്കാനായില്ല. വെള്ളിയാഴ്ച രാവിലെ വീട് പൂട്ടി യാത്ര തിരിച്ചപ്പോൾ തന്പിയാണ് താക്കോൽ സൂക്ഷിച്ചിരുന്നത്. ഗേറ്റ് തുറക്കാനായതിനാൽ പൂമുഖത്ത് ബന്ധുക്കൾ കയറിയിരിരുന്നു.
ഇന്നലെ രാവിലെ പത്തിനുശേഷമാണ് പോലീസ് ഉദ്യോഗസ്ഥർ ഉത്തരവാദിത്വപ്പെട്ടവർക്കു താക്കോൽ കൈമാറിയത്. രാവിലെതന്നെ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അടക്കമുള്ള ജനപ്രതിനിധികളും വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.
പത്തൊൻപതുകാരനായ അർജുനാണു കാറ് ഓടിച്ചിരുന്നത്. രണ്ടു വർഷം മുന്‍പാണ് സ്വിഫ്റ്റ് ഡിസയർ വാങ്ങിയത്. മുന്‍പും പല യാത്രകളിലും സുരക്ഷിതമായി വണ്ടി ഓടിച്ചിരുന്നത് അർജുനാണ്. രാത്രി വൈകിയുള്ള ദീർഘദൂര യാത്രയിൽ അർജുൻ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നു കരുതുന്നു.
കുറവിലങ്ങാട്/കോട്ടയം: എംസി റോഡിൽ ഇന്നലെ കാളികാവിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ഇന്നു നാട് യാത്രാമൊഴിയേകും. പുലർച്ചെ 12.15നു ലോറിയും കാറും കൂട്ടിയിടിച്ചാണ് അഞ്ച് പേർ മരിച്ചത്. ചാലക്കുടിയിൽനിന്നു കോട്ടയത്തേക്കു പോകുകയായിരുന്ന കാർ എതിർ ദിശയിൽ റബർ തടി കയറ്റിയെത്തിയ ലോറിയിലിടിച്ചായിരുന്നു അപകടം.
കോട്ടയം വേളൂർ ഉള്ളാട്ടിൽപടി തന്പി (68), തന്പിയുടെ ഭാര്യ വത്സല (65), മകന്റെ ഭാര്യ പ്രഭ പ്രവീണ്‍ (40), പ്രഭയുടെ മകൻ അർജുൻ പ്രവീണ്‍കുമാർ (19), പ്രഭയുടെ മാതാവ് തിരുവാതുക്കൽ ആൽത്തറയിൽ ഉഷ തോമസ് (55) എന്നിവർ സംഭവസ്ഥലത്തു മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക് കയറിപ്പോയ സ്ഥിതിയിലായിരുന്നു. തന്പിയുടെ സഹോദരി നിർമലയുടെ ചെറുമകൾ ആശ്രയയുടെ ചാലക്കുടി കുന്നപ്പള്ളി സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ഭരതനാട്യ അരങ്ങേറ്റത്തിനു പോയി മടങ്ങുകയായിരുന്നു മരിച്ചവർ.
മണർകാട് സെന്റ് മേരീസ് ഐടിസിയിൽ പഠിക്കുന്ന 19 വയസ് പ്രായമുള്ള അർജുനാണു കാർ ഓടിച്ചിരുന്നത്. ഉറങ്ങിപ്പോയതാകാം അപകടത്തിനു കാരണമെന്നാണു നിഗമനം.
അമിതവേഗത്തിലെത്തിയ കാർ പെരുന്പാവൂരിലേക്കു പോകുകയായിരുന്ന തടിലോറിയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു, അഞ്ചു പേരും തത്ക്ഷണം മരിച്ചു. അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു ആദ്യം രക്ഷാപ്രവർത്തകരായത്.
ആദ്യം ഓടിക്കൂടിയ നാട്ടുകാർക്ക് നിസഹായരായി നിൽക്കാൻ മാത്രമാണ് കഴിഞ്ഞിരുന്നത്. ലോറിക്കടിയിൽ കുടുങ്ങിയ കാറിൽനിന്ന് അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുക പ്രയാസകരമായിരുന്നു.കുറവിലങ്ങാട്, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസും കടുത്തുരുത്തി, കോട്ടയം എന്നിവിടങ്ങളിൽ നിന്നുമെത്തിയ അഗ്നശമന സേനയും രക്ഷപ്രവർത്തനത്തിനു പങ്കാളികളായി.
അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം എംസി റോഡിൽ ഗതാഗതം സ്തംഭിച്ചു. കുവൈറ്റിൽ വാഹന വിൽപ്പന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തന്പിയുടെ മകൻ പ്രവീണ്‍ (ബിനോയി)ഇന്നലെ രാത്രി നാട്ടിലെത്തി. തന്പിയുടെ മകൾ – ഇന്ദുലേഖ. സംസ്കാരം ഇന്നു 11നു വേളൂർ എസ്എൻഡിപി ശ്മശാനത്തിൽ നടക്കും.