കുറവിലങ്ങാട്: ലോക്ക് ഡൗണിൽ കൃഷിയിടങ്ങളിലെ ഇടപെടലുകൾക്കിടയിൽ മീൻകുളം നിർമാണത്തിലാണ് ഈ അധ്യാപക സഹോദരങ്ങൾ. പടുതാക്കുളത്തിനുള്ള കുഴിയുടെ നിർമാണത്തിലാണ് രണ്ട് ദിവസമായി മൂന്നംഗസംഘം.
കുറവിലങ്ങാട് ദേവമാതാ കോളജ് സ്വാശ്രയവിഭാഗം കൊമേഴ്സ് അധ്യാപകൻ വിൻസ് സെബാസ്റ്റ്യൻ, കംപ്യൂട്ടർ സയൻസ് അധ്യാപകൻ പ്രിൻസ് സെബാസ്റ്റ്യൻ, കുര്യനാട് ചാവറ ഹിൽസ് സ്കൂൾ അധ്യാപകൻ ജിൻസ് സെബാസ്റ്റ്യൻ എന്നിവരാണ് ലോക്ക് ഡൗണ്‍ വേളയെ കർമനിരതമാക്കുന്നത്. കുറവിലങ്ങാട് പട്ടരുമഠത്തിൽ സെബാസ്റ്റ്യൻ-വത്സമ്മ ദന്പതികളുടെ മക്കളാണ് ഈ മൂന്ന് അധ്യാപകരും.
പത്തടിയോളം ആഴത്തിൽ തീർക്കുന്ന കുഴിയിൽ പടുതാ വിരിച്ച് മത്സ്യം വളർത്താനാണ് നീക്കം. പത്തടിയോളം നീളത്തിലും വീതിയിലുമാണ് കുളത്തിന്റെ നിർമാണം. മണ്ണുമാന്തി ഉപയോഗിച്ചുള്ള കുളത്തിന്റെ നിർമാണം സാധ്യമായിരുന്നുവെങ്കിലും ഇപ്പോൾ ലഭിച്ച പ്രത്യേക സമയത്തെ ക്രിയാത്മകമായി വിനിയോഗിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അധ്വാനം.
സഹോദരങ്ങളാണെങ്കിലും കൊറോണ പ്രതിരോധത്തിന്റെ സുരക്ഷാക്രമീകരണങ്ങളും അകലവുമൊക്കെ പാലിച്ചാണ് നിർമാണപ്രവർത്തനം.