കുറവിലങ്ങാട്: നടപ്പാതയിലെ സ്ലാബുകളുടെ വിടവിൽ കാൽകുരുങ്ങിയ വീട്ടമ്മയെ രക്ഷപ്പെടുത്തിയത് മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിൽ. എംസി റോഡിൽ കുറവിലങ്ങാട് മിനി ബസ് ടെർമിനലിന് സമീപമായിരുന്നു അപകടം. കളത്തൂർ തറയിൽ രാധ (57)യാണ് ഇന്നലെ 11.30 ഓടെ അപകടത്തിൽപ്പെട്ടത്.
ഇവിടെ നടന്ന ജില്ലാതല എയ്ഡ്സ് ദിനാചരണത്തിൽ പങ്കെടുത്ത് മടങ്ങവേയാണ് അപകടം. പള്ളിക്കവല ഭാഗത്തുനിന്ന് മിനി ബസ് ടെർമിനലിലേക്ക് നടക്കവേ സ്ലാബുകളുടെ വിടവിൽ കാൽ കുടുങ്ങുകയായിരുന്നു. ഒരു കാൽ സ്ലാബുകൾക്കിടയിൽപ്പെട്ടുവെങ്കിലും മറുകാലിൽ കുത്തി വലിയവീഴ്ചയിലേക്ക് പോകാതെ നിൽക്കാൻ രാധയ്ക്കായി.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഏറെ ശ്രമിച്ചെങ്കിലും സ്ലാബ് മാറ്റാനോ രാധയെ രക്ഷപ്പെടുത്താനോ കഴിഞ്ഞില്ല. ഇതിനിടയിൽ ഇതുവഴി കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ക്രെയിൻ ഉപയോഗിച്ച് സ്ലാബുകൾ നീക്കി രാധയെ രക്ഷപ്പെടുത്തുകയായിരുന്നു.
ഉടൻ താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകൾ നടത്തി പരിക്ക് സാരമുള്ളതല്ലെന്നു കണ്ട് ഇവരെ വീട്ടിലെത്തിച്ചു.