യുക്രെയ്നിലെ ഒരു ബങ്കറിൽ വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
റഷ്യൻ സേന ഷെല്ലാക്രമണം നടത്തുന്ന പശ്ചാത്തലത്തിൽ ബങ്കറുകളിൽ തുടരാനാണ് യുക്രെയിൻ സേന ആളുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. നിവർന്നു നിൽക്കാൻ കഴിയാത്ത ഇടുങ്ങിയ ബങ്കറിലാണ് വിശുദ്ധ കുർബാന അർപ്പിക്കുന്നത്.
വിശുദ്ധ കുർബാനയിൽ ഭക്തിപൂർവ്വം പങ്കെടുക്കുന്ന വിശ്വാസികളെയും ചിത്രത്തിൽ കാണാം. അതേസമയം റഷ്യൻ സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരനായ വിദ്യാർഥി മരിച്ചു.
കർക്കീവിലുണ്ടായ ഏറ്റുമുട്ടലിനിടെ കർണാടകയിലെ ഹവേരി സ്വദേശി നവീൻ കുമാർ(21) ആണ് മരിച്ചത്. യുക്രെയിനിൽ റഷ്യൻ ആക്രമണം തുടങ്ങിയതിനു ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പൗരനു ജീവൻ നഷ്ടപ്പെടുന്നത്.
നവീൻ താമസിച്ചിരുന്ന ബങ്കറിനുള്ളിൽ നിന്നും പുറത്തിറങ്ങിയ സമയം ആക്രമണമുണ്ടാകുകയായിരുന്നു. നവീന്റെ മാതാപിതാക്കൾ ചെന്നൈയിലാണെന്നാണ് സൂചന. കർക്കീവിൽ കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ ആക്രമണമാണ് നടക്കുന്നത്.
ബങ്കറുകളിൽനിന്നു പുറത്തിറങ്ങരുതെന്നു തുടർച്ചയായ നിർദേശം യുക്രെയിൻ സേനയും ഇന്ത്യൻ എംബസിയും വിദ്യാർഥികൾക്കു നൽകിയിരുന്നു.
എന്നാൽ, ഭക്ഷണവും വെള്ളവും തീർന്നതോടെ റിസ്ക് എടുത്തും പല വിദ്യാർഥികളും പുറത്തിറങ്ങാൻ ശ്രമിക്കുകയും മറ്റു സ്ഥലങ്ങളിലേക്കു നീങ്ങാൻ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.