കൗമാരം വിട്ടുമാറും മുമ്പേ ഇസ്ലാമിക് സ്റ്റേറ്റിന്റെ ക്രൂരപീഡനത്തിനിടയാകേണ്ടിവന്ന ഈ യസീദി യുവതികള്‍ക്ക് ഇത് രണ്ടാം ജന്മമാണ്. അതിനാല്‍ തന്നെ ഐഎസിനെ ഭൂമിയില്‍ നിന്നു തുടച്ചു നീക്കുന്നത് തങ്ങളുടെയും കൂടി ചുമതലയായി ഇവര്‍ കരുതുന്നു. ഇവര്‍ ഇപ്പോള്‍ ഐഎസിനെതിരായ പോരാട്ടത്തില്‍ കുര്‍ദ്ദിഷ് സൈന്യത്തില്‍ ചേര്‍ന്നിരിക്കുന്നതും അതുകൊണ്ടാണ്.
2014ല്‍ ഐഎസുകാര്‍ 5000ല്‍ പരം യസീദി യുവതികളെയും കുട്ടികളെയുമാണ് തട്ടിക്കൊണ്ടുപോയത്. കുട്ടികളെ പട്ടിണിക്കിട്ട തീവ്രവാദികള്‍ യുവതികളെ ക്രൂരമായ പീഡനത്തിനും ബലാത്സംഗത്തിനും ഇരയാക്കി. ഒടുവില്‍ ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടുമ്പോള്‍ ഇവരെല്ലാം ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു. ഐഎസിനെതിരായ പോരാട്ടമാണ് ഇനി തങ്ങളുടെ ജീവിതമെന്ന്. സ്റ്റേസി ഡൂലി എന്ന മാധ്യമ പ്രവര്‍ത്തക വടക്കന്‍ ഇറാക്ക് സന്ദര്‍ശിച്ചതോടെയാണ് വനിതകളുടെ സൈനീകസേവനത്തെക്കുറിച്ച് പുറംലോകമറിയുന്നത്. യുഎന്നിന്റെ കണക്കുപ്രകാരം 7000ല്‍ പരം യസീദികളെയാണ് ഐഎസുകാര്‍ കൊന്നൊടുക്കിയത്. ഇപ്പോഴും 3000ല്‍ അധികം യസീദി സ്ത്രീകള്‍ ഐഎസിന്റെ പിടിയിലുണ്ടെന്നാണ് വിവരം.
ഐഎസിന്റെ കിരാതതയില് നിന്നും രക്ഷപ്പെട്ട യുവതികള്‍ ചേര്‍ന്ന് ഒരു ബറ്റാലിയന് രൂപീകരിക്കുകയായിരുന്നു. തങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും രക്ഷിക്കാനായി കുര്‍ദ്ദിഷ് സേനയുടെ മുന്‍നിരയില്‍ നിന്നു പോരാടുകയാണിവര്‍. ഐഎസ് സൈനികര്‍ പുരുഷന്മാരേക്കാളധികം തങ്ങളെ ഭയക്കുമെന്ന് ഇവര്‍ക്കറിയാം. കാരണം ഒരു സ്ത്രീയുടെ കൈകൊണ്ട് മരിച്ചാല്‍ സ്വര്‍ഗം കിട്ടുകയില്ലെന്ന് അവര്‍ ഭയക്കുന്നു.
ഈ ധീരവനിതകളേക്കുറിച്ച് ബിബിസി ഇതിനകം മൂന്നു ഡോക്യുമെന്ററികള്‍ പുറത്തിറക്കി. ഇറാക്കിന്റെ യുദ്ധമേഖലയിലൂടെ സഞ്ചരിച്ച വനിതാ മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍ അദ്ഭുതത്തോടെയാണ് ലോകം ശ്രവിച്ചത്. 17 തികഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഇവര്‍ സൈനീക പരിശീലനം നല്കുന്നു. മെഷീന് ഗണ്‍ പോലെയുള്ള തോക്കുകള്‍ ഉപയോഗിക്കാന്‍ ഹൈസ്കൂള്‍ തലം മുതലേ ഇവര്‍ പഠിക്കുന്നു. യസീദികളുടെ വിഖ്യാത ഗായികയും ഇപ്പോള്‍ സൈന്യത്തിലെ അംഗവുമായ സേറ്റ് ഷിംഗാലിയാണ് പെണ്‍കുട്ടികളെ സൈന്യത്തിലേക്കു റിക്രൂട്ട് ചെയ്യുന്നത്. ഇവരെ ധീരരായ പടയാളികളാക്കുന്നതും സേറ്റിന്റെ നേതൃത്വത്തിലുള്ള പരിശീലനമാണ്. താന്‍ സൈന്യത്തില്‍ ചേരാനുണ്ടായ സാഹചര്യത്തെപ്പറ്റി സേറ്റ് പറയുന്നതിങ്ങനെ
ഒരിക്കല്‍ ഐഎസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട ഒരു യുവതിയെ കണ്ടുമുട്ടിയതാണ് താന്‍ സൈന്യത്തില്‍ ചേരാന്‍ കാരണമായതെന്നാണ് സേറ്റ് പറയുന്നത്. അവളെയും ഒരു വയസു മാത്രം പ്രായമായ കുട്ടിയെയും ഐഎസുകാര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ആദ്യ മൂന്നു ദിവസം കുഞ്ഞിനെ മുലയൂട്ടുവാന്‍ പോലും ഐഎസ് നേതാവ് അനുവദിച്ചില്ല. കുട്ടി കരച്ചിലോടു കരച്ചില്. നേതാവ് അവളോടു പറഞ്ഞു നിന്റ കുഞ്ഞിന്റെ കരച്ചിലുകൊണ്ട് എനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല. തങ്ങള്‍ തടവുകാരെല്ലാം വിശപ്പും ദാഹവും കൊണ്ട് വലഞ്ഞിരിക്കുകയാണെന്ന് അവള് മറുപടി പറഞ്ഞു. അപ്പോള്‍ ഭീകരനേതാവ് കുഞ്ഞിനെ അവളുടെ നെഞ്ചില്‍ നിന്നും തട്ടിപ്പറിച്ചെടുത്തു. എന്നിട്ട് നിര്‍ദ്ദയം ആ പിഞ്ചുകുഞ്ഞിന്റെ ശിരഛേദം നടത്തി. ഇതുകൊണ്ടും അവരുടെ ക്രൂരത തീര്‍ന്നില്ല. ആ കുഞ്ഞിന്റെ ശരീരം അടുക്കളയില്‍ കൊണ്ടുപോയി പാകം ചെയ്തു. അതിനുശേഷം അമ്മയെ ബലമായി പിടിച്ചു കൊണ്ടുപോയി വാള്‍മുന കഴുത്തില്‍ വച്ച് കുഞ്ഞിന്റെ മൃതദേഹം കഴിക്കാന്‍ ആവശ്യപ്പെട്ടു. ഈയൊരു സംഭവമാണ് തന്നെ സൈന്യത്തിലേക്കു നയിച്ചതെന്നു സേറ്റ് പറയുന്നു. ആയുധമെടുത്തു പോരാടുന്ന വനിതകള്‍ക്ക് ഐഎസ് തീവ്രവാദികളുടെ ഹൃദയത്തില്‍ ഭയപ്പാടുകള്‍ സൃഷ്ടിക്കാനാവുമെന്ന് ഇവര്‍ക്കിപ്പോള്‍ നന്നായറിയാം. ഐഎസുകാരുടെ സ്വര്‍ഗാരോഹണം തടയുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു.
ലൈംഗിക അടിമയായ മറ്റൊരു യുവതിയും അവരുടെ ദുരിതാനുഭവങ്ങള്‍ വിവരിച്ചു. തങ്ങളുടെ കൂടെയുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടി തുടര്‍ച്ചയായ ബലാല്‍സംഗത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തതായും അവള് പറഞ്ഞു. രണ്ടു കൈകളും മുട്ടില്‍ വച്ചു മുറിച്ച അവളുടെ ശരീരം തീവ്രവാദികള്‍ വെളിയില്‍ കൊണ്ടുത്തള്ളി. പിന്നീട് അവളുടെ ശവശരീരം നായകള്‍ തിന്നുന്നത് താന്‍ കണ്ടുവെന്നും ഇവള് ഓര്‍മിക്കുന്നു. ബലാല്‍സംഗത്തില്‍ നിന്നു രക്ഷപ്പെടുവാനായി പരസ്പരം കൊല്ലാന്‍വരെ തങ്ങള്‍ ആലോചിച്ചിരുന്നതായും ഇവള് പറയുന്നു. തന്നെ ഒരു ഡോളറിലും കുറഞ്ഞ തുകയ്ക്ക് ഒരു അറബിയ്ക്കു വിറ്റ കഥയാണ് രക്ഷപ്പെട്ട വേറൊരു പെണ്‍കുട്ടിക്ക് പറയാനുണ്ടായിരുന്നത്. ആ അറബി തന്നെ പലതവണ ബലാല്‍സംഗത്തിനിരയാക്കിയതായും ആ പെണ്‍കുട്ടി പറയുന്നു. ഇപ്പോള്‍ താന്‍ ചിരിച്ചാലും തന്റെ കണ് മുമ്പില്‍ ആ ദൃശ്യങ്ങള്‍ തെളിഞ്ഞു കാണുകയാണെന്നും ഇവള് പറയുന്നു. ഐഎസുകാര്ക്കെതിരേയുള്ള പോരാട്ടത്തില്‍ പുതിയൊരു ചരിത്രം എഴുതിച്ചേര്‍ത്തുകൊണ്ട് ഈ വനിതകള്‍ മുന്നേറുമ്പോള്‍ ലോകത്തിന്റെ പ്രാര്‍ഥനകളും ഇവര്ക്കൊപ്പമുണ്ടാവുമെന്നു തീര്‍ച്ച…