കോഴിക്കോട്: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാവാത്തതിലെ അതൃപ്തി ബിജെപിയിൽ കൂടുതൽ പുകയുന്നു.
സംസ്ഥാനത്ത് ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് അവകാശപ്പെട്ട തലസ്ഥാനത്തെ തിരിച്ചടിയും മറ്റുള്ളിടത്തെ അവകാശവാദങ്ങള്‍ പൊളിഞ്ഞതും ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളായാണ് മുതിര്‍ന്ന നേതാക്കള്‍ വിലയിരുത്തുന്നത്.
ഒ.രാജഗോപാലും ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടിയുള്പ്പെടെ തെരഞ്ഞെടുപ്പ് ഫലത്തില്‍ അതൃപ്തിയുമായി രംഗത്തെത്തിയതും സംസ്ഥാന നേതൃത്വത്തെ അസ്വസ്ഥമാക്കി. വിഷയത്തില്‍ കേന്ദ്രനേതൃത്വം ഇടപെടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായിട്ടുണ്ട്.
പരാതി ഒഴുകുന്നു
തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ ശോഭാ സുരേന്ദ്രനുള്‍പ്പെടെയുള്ളവര്‍ സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്രത്തിനു പരാതി നല്‍കിയിരുന്നു. എന്നാല്‍ , ഈ പരാതിയില്‍ നടപടിയെടുക്കാന്‍ കേന്ദ്രം തയാറായില്ല.
തെരഞ്ഞെടുപ്പിലെ അവകാശവാദം പൊളിഞ്ഞതോടെ ഇവര്‍ വീണ്ടും സുരേന്ദ്രനെതിരേ കേന്ദ്രത്തെ സമീപിക്കും . ശോഭാ സുരേന്ദ്രനും പി.കെ.കൃഷ്ണദാസും തെരഞ്ഞെടുപ്പ് ചിത്രം കേന്ദ്രത്തിനു മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം.
മുന്നേറിയ മുന്നണി
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പില്‍ മുന്നേറ്റമുണ്ടാക്കിയ ഒരേ യൊരു മുന്നണി ദേശീയ ജനാധിപത്യ സഖ്യമാണെന്നു സംസ്ഥാന അധ്യക്ഷന്‍ കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ ഗ്രാമപഞ്ചായത്തില്‍ 933 സീറ്റുകളുണ്ടായിരുന്ന എന്‍ഡിഎക്ക് ഇത്തവണ 1182 സീറ്റുകള്‍ ലഭിച്ചു. ബ്ലോക്ക് പഞ്ചായത്തില്‍ 11 സീറ്റ് മാത്രമുണ്ടായിരുന്ന എന്‍ഡിഎയ്ക്ക് ഇത്തവണ 37 സീറ്റുകള്‍ ലഭിച്ചു.
നഗരസഭയില്‍ 236 സീറ്റുകള്‍ ഇത്തവണ 320 സീറ്റിലേക്ക് ഉയര്‍ത്താന്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് സാധിച്ചുവെന്നുമാണ് സംസ്ഥാന നേതൃത്വം കേന്ദ്രത്തെ അറിയിച്ചത്. ശോഭാ സുരേന്ദ്രന് പ്രചാരണത്തിനിറങ്ങാത്തതും അവരുടെ മണ്ഡലത്തില്‍ ബിജെപിക്കു മുന്നേറ്റമുണ്ടായതും സംസ്ഥാന നേതൃത്വം ചര്‍ച്ചയായി മാറ്റുന്നുണ്ട്.
കോർ കമ്മിറ്റി വിളിക്കും
തെരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വരും ദിവസം കോര്‍ കമ്മിറ്റി ചേരാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മുതിര്‍ന്ന നേതാക്കള്‍ വരെ മത്സരിക്കാനിറങ്ങിയിട്ടും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് സംഘടനാതലത്തിലെ പിഴവുകൊണ്ടാണെന്ന വാദമാണിപ്പോള്‍ ശക്തമായി ഉയരുന്നത്.
പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാതെ തെരഞ്ഞെടുപ്പിനെ നേരിട്ടത് ശരിയായ രീതിയല്ലെന്നും നേതാക്കള്‍ പറയുന്നു. നിയമസഭാതെരഞ്ഞെടുപ്പിന്റെ സെമിഫൈനലായ തദ്ദേശതെരഞ്ഞെടുപ്പിനെ സംസ്ഥാന നേതൃത്വം സുവര്‍ണാവസരമായി ഉപയോഗിക്കാനും വേണ്ടത്ര ജാഗ്രത കാണിച്ചില്ല.
സ്വർണം ഏശിയില്ല
സംസ്ഥാന പ്രസിഡന്റും നേതൃത്വവും സ്വര്‍ണക്കള്ളക്കടത്ത് കേസിൽ മാത്രം ഊന്നിയുള്ള പ്രചാരണമാണ് നടത്തിയതെന്നാണ് ഒരു ആക്ഷേ പം. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളിൽ എത്തിക്കുന്നതിൽ ശ്രദ്ധിച്ചില്ല.
അതേസമയം, കേന്ദ്രപദ്ധതികൾ നടപ്പാക്കി എൽഡിഎഫ് ക്രഡിറ്റ് കൊണ്ടുപോയി. തെരഞ്ഞെടുപ്പിന് അവസാന നാളുകളില്‍ പോലും പ്രാദേശികമായി സ്വര്‍ണക്കള്ളക്കടത്ത് മാത്രമാണ് പ്രചാരണ ആയുധമായത്.
ജനക്ഷേമപരമായ പല കേന്ദ്രപദ്ധതികളെ കുറിച്ചും ജനങ്ങള്‍ അറിഞ്ഞിട്ടില്ലെന്നത് സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകളാണ്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളായാണ് പലരും പല കേന്ദ്രപദ്ധതികളേയും കരുതുന്നതെന്നും ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ പറയുന്നു.