വി. മനോജ്
മലപ്പുറം: കേരളാ പോലീസ് ഫുട്ബോൾ ടീമിൽ നെടുംതൂണായി നിലകൊണ്ട കുരികേശ് മാത്യു സർവീസിൽ നിന്നു വിരമിക്കുന്നു. കേരളാ പോലീസിന്റെ കോട്ടയ്ക്കൽ കോഴിച്ചെനയിലെ റാപ്പിഡ് റെസ്പോണ്സ് ആൻഡ് റെസ്ക്യൂ ഫോഴ്സിൽ (ആർആർആർഎഫ്) ഡെപ്യൂട്ടി കമൻഡാന്റ് പദവിയിൽ നിന്നാണ് അദ്ദേഹം ഈ മാസം 31ന് പോലീസ് കുപ്പായം അഴിച്ചുവയ്ക്കുന്നത്.
കൊട്ടാരക്കര സ്വദേശിയായ കുരികേശ് മാത്യുവിനു സഹപ്രവർത്തകരും കോഴിച്ചെനയിലെ പൗരാവലിയും ഇന്നു വൈകുന്നേരം അഞ്ചിനു ക്യാന്പ് മൈതാനത്ത് കളിയൊരുക്കിയാണ് അദ്ദേഹത്തിന് ഇന്നു യാത്രയയപ്പ് നൽകുന്നത്. വൈകുന്നേരം അഞ്ചിനു എച്ച്.എം.എസ്.സി. ക്ലബുമായാണ് മത്സരം. പോലീസിലെ പഴയതാരങ്ങളിൽ പലരും എത്തുന്നുണ്ട്.
മലപ്പുറത്തിന്റെ ഫുട്ബോൾ ഭൂമികയിൽ വളരെക്കാലം മുതലേ കുരികേശ് മാത്യുവിന്റെ സാന്നിധ്യമുണ്ട്. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മന്പാട് എംഇഎസ് കോളജിലാണ് അദ്ദേഹം ചേർന്നത്. തുടർന്നങ്ങോട്ടു വിവിധ ക്ലബുകളിലൂടെ അദ്ദേഹം സജീവമാവുകയായിരുന്നു. കേരളാ പോലീസിൽ എത്തിയതോടെയാണ് കുരികേശ് മാത്യു ശ്രദ്ധേയനായത്. സ്റ്റോപ്പറായും ലെഫ്റ്റ് വിംഗ് ബാക്കായും കേരളാ പോലീസിൽ തിളങ്ങുകയായിരുന്നു ഈ താരം. എത്രയെത്ര ഫുട്ബോൾ മഹാരഥികളുടെ കളിവേഗങ്ങളെ, ഗോൾ തൃഷ്ണകളെ തടയിട്ട കാലുകളായിരുന്നു അത്.
പ്രതിരോധത്ത് നിലയുറപ്പിച്ചു മുൻനിരയിലേക്കു പന്തു നൽകുന്നതിനോടൊപ്പം എതിർകളിക്കാരുടെ വഴിയടയ്ക്കുകയായിരുന്നു കുരികേശ് മാത്യുവും സംഘവും. കൊൽക്കത്ത, ഗോവൻ വന്പൻമാരെ പിടിച്ചുലച്ച മത്സരങ്ങളോടെ ഇന്ത്യൻ ഫുട്ബോളിൽ കേരളാ പോലീസ് പുതുശക്തിയായി മാറുകയായിരുന്നു. രണ്ടു ഫെഡറേഷൻ കപ്പ് വിജയങ്ങൾ മാത്രം മതി പോലീസിന്റെ പോരാട്ട വീര്യം അളക്കാൻ.
പിന്നീട് ആ സുവർണകാലം അസ്തമിച്ചു. ദൃശ്യമാധ്യമങ്ങൾ ഇത്രത്തോളം സജീവമല്ലാത്ത കാലത്തായിരുന്നു കേരളാ പോലീസിന്റെ പടയോട്ടം. രണ്ടു ഫെഡറേഷൻ കപ്പ് കിരീടങ്ങൾ, സന്തോഷ് ട്രോഫി, ഡിസിഎം ട്രോഫിയിൽ രണ്ടാംസ്ഥാനം, ഓൾ ഇന്ത്യാ പോലീസ് ഫുട്ബോൾ ചാന്പ്യൻഷിപ്പുകൾ, സംസ്ഥാന ക്ലബ് ഫുട്ബോൾ ട്രോഫി തുടങ്ങിയ വിവിധ ചാന്പ്യൻഷിപ്പുകളിൽ കുരികേശ് മാത്യു ഉൾപ്പെട്ട കേരളാ പോലീസ് കിരീടം നേടിയിട്ടുണ്ട്.
1990-ൽ തൃശൂരിൽ നടന്ന ഫെഡറേഷൻ കപ്പിൽ ഗോവ സാൽഗോക്കറിനെ (2-1) തോൽപ്പിച്ചു കേരളാ പോലീസ് ആദ്യമായി കിരീടം നേടിയപ്പോൾ കുരികേശ് മാത്യുവായിരുന്നു പോലീസ് ടീമിന്റെ നായകൻ. 1991-ൽ കണ്ണൂരിൽ നടന്ന ഫെഡറേഷൻ കപ്പിലും പോലീസ്, മുംബൈ മഹീന്ദ്രയെ (2-0)തോൽപ്പിച്ചു ചാന്പ്യൻമാരായി. അന്ന് ഗോൾകീപ്പർ കെ.ടി. ചാക്കോയായിരുന്നു നായകൻ.
1988-ലും 1989-ലും ഫെഡറേഷൻകപ്പിൽ തുടർച്ചയായി രണ്ടുവർഷം കിരീടം നേടിയ സാൽഗോക്കർ ഹാട്രിക് കിരീടം തേടിയാണ് തൃശൂരിലെത്തിയത്. എന്നാൽ ഒളിന്പ്യൻ ഷണ്മുഖത്തിന്റെ സാൽഗോക്കറിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തിയാണ് പോലീസ് ജേതാക്കളായത്. പോലീസിലെ സി.വി. പാപ്പച്ചന്റെ ദിവസമായിരുന്നു അന്ന്. പാപ്പച്ചൻ ബൂട്ടിൽ പിറന്ന രണ്ടു ഗോളുകളാണ് സാൽഗോക്കറിന്റെ കഥകഴിച്ചത്. ഫെഡറേഷൻ കപ്പ് ജയത്തിന്റെ ഓർമയ്ക്ക് മകൾക്കു ഫെഡ്രീന എന്നു പേരിട്ടു കുരികേശ് മാത്യു ആവേശം കൊണ്ടു. അന്നത്തെ ഡിജിപിയായിരുന്ന എം.കെ ജോസഫിന്റെ താത്പര്യത്തിലാണ് പോലീസ് ടീമിനെ ശക്തിപ്പെടുത്താൻ തീരുമാനിച്ചത്. അതിനു ഫലവും കണ്ടു.
അതൊരു ടീമായിരുന്നു. ഗോൾകീപ്പറായി കെ.ടി.ചാക്കോ, പ്രതിരോധത്തിലും മധ്യനിരയിലുമായി വി.പി. സത്യൻ, യു. ഷറഫലി, കുരികേശ് മാത്യു, അലക്സ് ഏബ്രഹാം, ജാബിർ, തോബിയാസ്, കലാധരൻ… മുൻനിരയിൽ ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കൂടെ ലിസ്റ്റണ്, ഹബീബ് റഹ്മാൻ… ഏതു പൊസിഷനിലും കളിക്കാരുടെ സമൃദ്ധി.
കേരളാ ഫുട്ബോളിനെ നെഞ്ചേറ്റിയ കേരളാ പോലീസിന്റെ പ്രതാപകാലമായിരുന്നു അത്. ഓർക്കുക, കണ്ണൂരിലെ ഫെഡറേഷൻ കപ്പിലെ വിജയത്തിനു ശേഷം ഇന്ത്യൻ ടീമിലെ 11 കളിക്കാരിൽ ഏഴു പേർ പോലീസ് ടീമംഗങ്ങളായിരുന്നു. ആ ടീമിനു പിന്നിൽ അർപ്പണ ബോധത്തോടു കൂടിയ ടീം വർക്കുണ്ടായിരുന്നു.
തുടർച്ചയായി രണ്ടു ഫെഡറേഷൻ കപ്പ് വിജയങ്ങൾക്കുശേഷം 1990-ൽ ഡൽഹിയിൽ നടന്ന ഡിസിഎം ട്രോഫിയിൽ ദക്ഷിണകൊറിയൻ യൂണിവേഴ്സിറ്റി ടീമിനോടു ഫൈനലിൽ ഷൂട്ടൗട്ടിൽ പരാജയപ്പെടുകയായിരുന്നു കുരികേശ് മാത്യു ഉൾപ്പെട്ട പോലീസ് ടീം. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയെത്തുടർന്നാണ് പോലീസ് തോൽവി വഴങ്ങിയത്. മികച്ച മത്സരമായിരുന്നു അത്.
പിന്നീട് 1993-ൽ കൊച്ചി സന്തോഷ് ട്രോഫി കേരളാ ടീമിന്റെ നായകനായും കുരികേശ് മാത്യു തിളങ്ങി. ഫൈനലിൽ മഹരാഷ്ട്രയെ 2-0 തോൽപ്പിച്ചാണ് കേരളം ചാന്പ്യൻമാരായത്. ടി.എ ജാഫറായിരുന്നു കേരളത്തിന്റെ കോച്ച്. കുരികേശ് മാത്യുവിന്റെ ഫുട്ബോൾ ജീവിതത്തിലെ രണ്ടു പ്രധാന കിരീടങ്ങളാണ് അദ്ദേഹം നായകനായ തൃശൂർ ഫെഡറേഷൻകപ്പും സന്തോഷ് ട്രോഫി വിജയവും.
സംസ്ഥാന ജൂണിയർ, സബ് ജൂണിയർ, സീനിയർ ടീമുകളിലൂടെയാണ് അദ്ദേഹം കളിക്കളത്തിലെത്തിയത്. പീന്നീട് കണ്ണൂർ ലക്കിസ്റ്റാറിലെത്തി. അതിലൂടെ കൗമുദി ട്രോഫി നേടി. തുടർന്നു കണ്ണൂർ കെൽട്രോണിലെത്തി. മികച്ച പ്രകടനത്തിലൂടെ പോലീസിലേക്കുള്ള വഴിതുറന്നു. പത്തുവർഷം സന്തോഷ് ട്രോഫിയിൽ കേരളത്തിനായി കളിച്ചിട്ടുണ്ട് കുരികേശ് മാത്യു.
1985-ൽ തൃശൂരിൽ എഎസ്ഐ ആയാണ് ജോലിയിൽ പ്രവേശിച്ചത്. കളിജീവിതം അവസാനിച്ച ശേഷമാണ് മലപ്പുറം എംഎസ്പിയിൽ അസിസ്റ്റന്റ് കമൻഡാന്റായി എത്തുന്നത്. പിന്നീട് ഡെപ്യൂട്ടി കമൻഡാന്റുമായി. 11 വർഷമാണ് അദ്ദേഹം എംഎസ്പിയിൽ സേവനമനുഷ്ഠിച്ചത്. അതിനു മുന്പ് പഠനവുമായും വിവിധ ക്ലബുകളിൽ കളിച്ചും അദ്ദേം മലപ്പുറത്തിനേടപ്പമുണ്ടായിരുന്നു. ഇപ്പോൾ കോട്ടയ്ക്കൽ കോഴിച്ചെന ക്യാന്പിലെത്തിയിട്ട് ഒന്നര വർഷമായി. മലപ്പുറത്തു പോലീസ് ജീവിതം നയിക്കുന്പോഴും ഇവിടത്തെ ഫുട്ബോൾ രംഗത്തു കുരികേശ് മാത്യുവിന്റെ ഇടപെടൽ സജീവമായിരുന്നു. എംഎസ്പി ഫുട്ബോൾ ടീമിനെ ഉയരങ്ങളിലേക്കു നയിക്കുന്നതിൽ അദ്ദേഹം വലിയ പങ്കുവഹിച്ചു.
നാട്ടിലെ കളിരംഗത്തും അദ്ദേഹം പ്രോത്സാഹനം നൽകി. അതുകൊണ്ടു തന്നെ കുരികേശ് മാത്യു മലപ്പുറത്തുകാരിലൊരാളായി മാറുകയായിരുന്നു. വിരമിച്ചാലും മലപ്പുറത്തിന്റെ ഫുട്ബോൾ മേഖലയിൽ തന്റെ സാന്നിധ്യമുണ്ടാകുമെന്നു കുരികേശ് മാത്യു പറയുന്നു. കളിക്കളത്തിൽ മികച്ച പ്രകടനത്തിനു വിവിധ പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള കുരികേശ് മാത്യു 2016-ൽ വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലും നേടി.
കൊട്ടാരക്കര കിഴക്കേതെരുവു മുകളുവിള ഫെഡ്രിനാസ് ആണ് കുരികേശ് മാത്യുവിന്റെ ഭവനം. ഭാര്യ: ജെസി. മകൾ ഡോക്ടർ ഫെഡ്രീന ഭർത്താവിനോടെപ്പം ബാഴ്സലോണയിലാണ്്. മകൻ മാത്യു കുരികേശ് ബി.ടെക് കഴിഞ്ഞു ന്യൂസീലൻഡിലാണ്.