കോട്ടയം: സൂര്യഗ്രഹണം കാണുന്നതിനായി കുറവിലങ്ങാട് ദേവമാത കോളേജിൽ എത്തിയവർക്ക് പായസം വിതരണം ചെയ്തു. ഗ്രഹണം അതിന്റെ പാരമ്യതയിൽ എത്തിയ സമയത്തായിരുന്നു പായസം വിതരണം. സൂര്യഗ്രഹണസമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ലെന്ന അന്ധവിശ്വാസം മാറ്റുന്നതിനായിരുന്നു പായസ വിതരണം നടത്തിയത്. കോളജിൽ ഒത്തുകൂടിയ നിരവധിയാളുകൾ പായസം ആസ്വദിച്ച് കുടിച്ചു.
ഗ്രഹണസമയത്ത് ഭക്ഷണം കഴിക്കരുത്, ഭക്ഷണം ഉണ്ടാക്കരുത്, ഉറങ്ങരുത്, പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കരുത് തുടങ്ങിയ വിശ്വാസങ്ങള്‍ നിലനിന്നിരുന്നു. ഗ്രഹണം ഗര്‍ഭിണികള്‍ക്ക് ദോഷമാണെന്ന വിശ്വാസവും ഉണ്ടായിരുന്നു. ശാസ്ത്രത്തിന്റെ അടിത്തറയില്ലാത്ത അന്ധവിശ്വാസങ്ങളെ പൊളിച്ചടുക്കാൻ വേണ്ടിയാണ് പായസവിതരണം നടത്തിയതെന്ന് അധികൃതർ പറഞ്ഞു. സൂര്യഗ്രഹണം കാണാനെത്തുന്നവർക്ക് സേവനത്തിനായി വിദ്യാർഥികളടക്കമുള്ള 100 വോളണ്ടിയർമാരെ ക്രമീകരിച്ചിരുന്നു. വിവിധ ടെലിസ്കോപ്പുകളുടെ മാതൃകകളുടെ പ്രദർശനവും ദേവമാത കോളേജിൽ ഒരുക്കിയിരുന്നു.
കേരളത്തിൽ ആകാശവിസ്മയമായി വലയസൂര്യഗ്രഹണം ദൃശ്യമായത് വടക്കന്‍ ജില്ലകളിലാണ്. മറ്റിടങ്ങളില്‍ ഭാഗിക സൂര്യഗ്രഹണമാണ് ദൃശ്യമായത്. കാസര്‍ഗോഡ് ചെറുവത്തൂരാണ് ഗ്രഹണം ആദ്യം ദൃശ്യമായി തുടങ്ങിയത്. രാവിലെ 8.05 മുതല്‍ 11.10 മണിവരെ നീളുന്ന ഗ്രഹണം 9.27 ന് പാരമ്യത്തിലെത്തി. മറ്റിടങ്ങളില്‍ ഭാഗിക ഗ്രഹണമായി 11.15 വരെ ദൃശ്യമാകും.
2021 ജൂണ്‍ 21 ന് ഇന്ത്യയുടെ വടക്കന്‍ ഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാവുമെങ്കിലും കേരളത്തില്‍ വളരെ ദുര്‍ബ്ബലമായ ഭാഗിക സൂര്യഗ്രഹണമായിരിക്കും കാണുക. അടുത്ത ശക്തമായ സൂര്യഗ്രഹണം 2031 മെയ് 21 നാണ്. അന്ന് 10 :58 മുതല്‍ 03:04 വരെ മധ്യകേരളത്തില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.