സ്വന്തം ലേഖകൻ
തൃശൂർ: അങ്ങിനെ അങ്ങിനെ ഉയരുകയാണ് അയ്യന്തോൾ കുറിഞ്ഞ്യാക്കൽ പാലം. കാൽനൂറ്റാണ്ടിലേറെ പഴക്കമുള്ള കുറിഞ്ഞ്യാക്കൽ തുരുത്ത് നിവാസികളുടെ ആവശ്യവും സ്വപ്നവുമാണ് തങ്ങളുടെ തുരുത്തിലേക്ക് ഒരു പാലമെന്നത്. ആ സ്വപ്നം ഈ വർഷം യാഥാർത്ഥ്യമാകും.
കുറിഞ്ഞ്യാക്കൽ തുരുത്തിൽ കഴിയുന്ന പതിനഞ്ചോളം കുടുംബങ്ങൾക്ക് പാലം വരുന്നത് ഏറെ ആശ്വാസം പകരും. അഞ്ചുകോടി ചിലവിട്ടാണ് പാലം പണിയുന്നത്. പണികൾ മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയാണ്. കെ.എൽ.ഡി.സി കനാലിന് കുറുകെയുള്ള പാലത്തിന്റെ പണികൾ പൂർത്തിയായിക്കഴിഞ്ഞു. ഇനി അറ്റകുറ്റപണികളും ഇരുവശങ്ങളിലും അപ്രോച്ച് റോഡ് നിർമാണവുമാണ് അവശേഷിക്കുന്നത്.
പാലത്തിന് 66 മീറ്റർ നീളവും അഞ്ചരമീറ്റർ വീതിയുമാണുള്ളത്. ഇരുവശങ്ങളിലും നടപ്പാതയും നിർമിക്കും. 2018 നവംബറിൽ പണി തുടങ്ങി ഡിസംബറിൽ ഒൗദ്യോഗിക ഉദ്ഘാടനവും നടത്തി. ഒരു വർഷത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു ഉദ്ഘാടകനായിരുന്ന മന്ത്രി സുനിൽകുമാർ പറഞ്ഞിരുന്നത്.
കെ.എൽ.ഡി.സിക്കാണ് നിർമാണ ചുമതല. ഏതാനും മാസങ്ങൾക്കകം പാലം പണി പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.പെരുമഴയത്തും വെള്ളപ്പൊക്കത്തിലുമൊക്കെ കുറിഞ്ഞ്യാക്കൽ തുരുത്തിലെ കുട്ടികൾ തോണിയിലും മറ്റുമായി സ്കൂളിലേക്കും മറ്റും പോകുന്നത് ഇനി പഴങ്കഥയും ഓർമയുമാവുകയാണ്. തങ്ങളുടെ സ്വന്തം പാലത്തിലൂടെയുള്ള കുറിഞ്ഞ്യാക്കൽ നിവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകാൻ ഇനി ദൂരം വളരെ വളരെ കുറവാണ്….