സ്വന്തം ലേഖകൻ
അയ്യന്തോൾ: പ്രഖ്യാപനങ്ങളും വാഗ്ദാനങ്ങളും ഇത്തവണയും ഫലപ്രാപ്തിയിലെത്തില്ല. ഈ മഴക്കാലത്തും കുറിഞ്ഞ്യാക്കൽ തുരുത്തിന്റെ സ്വപ്നങ്ങൾ പൂവണിയില്ല. കുറിഞ്ഞ്യാക്കൽ തുരുത്ത് നിവാസികളുടെ കാലങ്ങളായുള്ള പാലം എന്ന സ്വപ്നം ഈ വർഷക്കാലത്തും യാഥാർത്ഥ്യമാകാതെ നീളുന്നു.
മന്ത്രി വി.എസ്.സുനിൽകുമാറിന്റെ ശ്രമഫലമായി കോടികൾ ചിലവഴിച്ച് പാലം നിർമാണം പൂർത്തീകരിക്കാൻ ഉൗർജിതമായി ശ്രമിച്ചിരുന്നു. അപ്രോച്ച് റോഡുകളുടെ നിർമാണം പൂർത്തിയാക്കി മെറ്റലും മണ്ണും ഇട്ട് റോഡ് ഉയർത്തി ടാറിംഗ് നടത്താനുള്ള അവസാന നിർമാണ പ്രവൃത്തികൾ ബാക്കിയിരിക്കെയാണ് അപ്രോച്ച് റോഡിനുള്ള സ്ഥലം വിട്ടുകൊടുക്കാതെ പാലത്തിനടുത്തുള്ള സ്ഥലമുടമ തടസവുമായി എത്തിയിരിക്കുന്നത്.
പാലം കടന്ന് വരുന്ന റോഡിലേക്ക് തിരിയുന്ന ഭാഗത്തുള്ള സ്ഥലമാണ് തർക്കമായി നിൽക്കുന്നത്. ഇത് പുറന്പോക്കു ഭൂമിയാണെന്ന് നാട്ടുകാരും അല്ലെന്ന് സ്ഥലമുടമയും വാദിക്കുന്നുണ്ട്. പാലത്തിൽ നിന്നും തിരിയുന്ന ഭാഗത്തുള്ള സ്ഥലത്ത് വീതി കൂട്ടിയില്ലെങ്കിൽ വാഹനങ്ങൾ പുഴയിലേക്ക് മറയുവാനും മറ്റു അപകടങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
സ്ഥലമുടമയുമായി ചർച്ച നടത്തി പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. 90 ശതമാനത്തോളം പണികൾ കഴിഞ്ഞ് ബാക്കിയുള്ള പണികൾ ഇഴഞ്ഞുനീങ്ങുന്ന അവസ്ഥയാണിപ്പോൾ. പ്രളയ സമയത്തും കനത്ത മഴയിലും തുരുത്തിലെ 30 ഓളം കുടുംബങ്ങൾ വെള്ളക്കെട്ടിൽ അകപ്പെട്ടപ്പോൾ മന്ത്രി സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കടത്തുവഞ്ചിയെ ആശ്രയിച്ചു കഴിയുന്ന തുരുത്തിലെ നിവാസികൾക്കായി പാലം നിർമിക്കാൻ സ്ഥലം എംഎൽഎ കൂടിയായ മന്ത്രി സുനിൽകുമാർ ഫണ്ട് അനുവദിക്കുകയായിരുന്നു. മഴയ്ക്ക് മുൻപ് പാലം തുറന്നുകൊടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ലോക്ഡൗണും സ്ഥലത്തെക്കുറിച്ചുള്ള തർക്കവുമെല്ലാം ചേർന്ന് പണികളെല്ലാം വൈകുന്ന അവസ്ഥയിലേക്കെത്തുകയായിരുന്നു.