കൊല്ലം :കവിത എഴുതാൻ പ്രത്യേകിച്ച് സ്ഥലം ആവശ്യമില്ലെന്നും അസ്വസ്ഥത നിറഞ്ഞ മനസിലാണ് കവിത ഉണ്ടാവുന്നതെന്നും കവി കുരീപ്പുഴ ശ്രീകുമാർ . പെരിങ്ങാലം മാർത്തോമ ധ്യാനതീരത്ത് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരണമായ തളിര് മാഗസിൻ ക്യാമ്പംഗങ്ങളായ അവനി, ദിയ എന്നീ കുട്ടികൾക്ക് നൽകി ക്യാന്പിന്റെ ഉദ്ഘാടന കർമ്മം നിർച്ചഹിച്ച് പ്രസംഗിക്കുകയായിരുന്നു ശ്രീകുമാർ.
സിനിമാപാട്ട് എഴുതാൻ ഏകാഗ്രത ആവശ്യമാണ്. എന്നാൽ കവിത ഏത് ആൾകൂട്ടത്തിലും എഴുതാൻ കഴിയുമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പ്രചാരത്തിലുള്ള നാടൻ പാട്ടും കുരീപ്പുഴ കുട്ടികൾക്ക് വേണ്ടി ആലപിച്ചു.
ചടങ്ങിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ അദ്ധ്യക്ഷനായിരുന്നു.ക്യാമ്പ് ഡയറക്ടർ വിനോദ് വൈശാഖി ആമുഖ പ്രഭാഷണം നടത്തി. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം സെബാസ്റ്റ്യൻ പള്ളിത്തോട് സ്വാഗതം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഭരണ സമിതി അംഗം എബി പാപ്പച്ചൻ, ധ്യാന തീരം ഡയറക്ടർ റവ. മാത്യു കെ.എം എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കുരീപ്പുഴ ശ്രീകുമാർ കുട്ടികളുമായി സംവദിച്ചു. മലയാളത്തിലെ ബാലകവിതകൾ എന്ന വിഷയത്തിൽ പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, പുതു കവിതയിലെ ഭാവുകത്വ നിർമ്മിതി എന്ന വിഷയത്തിൽ സാബു കോട്ടുക്കൽ, മലയാളത്തിലെ വിവർത്തന കൃതികൾ എന്ന വിഷയത്തിൽ ശ്രീമതി വി. എസ് ബിന്ദു എന്നിവർ കുട്ടികൾക്ക് ക്ലാസ്സെടുത്തു.
മലയാള കവിതയിലെ വിവിധ തലങ്ങളെ കുറിച്ച് പ്രഗത്ഭർ ക്ലാസെടുത്തു. ക്യാന്പ് അംഗങ്ങളുടെ കായൽ യാത്രയും പ്രശസ്ത കവി ഡി വിനയചന്ദ്രന്റെ സ്മൃതി മണ്ഡപ സന്ദർശനവും ഉണ്ടായി.