കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉണ്ടായ ആക്രമണത്തിൽ ഏഴ് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. മനു, ശ്യാം,ലൈജു, ദീപു, കിരൺ, വിഷ്ണു, സുജിത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ ദീപു പഞ്ചായത്തംഗമാണ്.
നേരത്തെ,സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 15 ആർഎസ്എസ് പ്രവർത്തകർക്കെതിരേ കടയ്ക്കൽ പോലീസ് കേസെടുത്തിരുന്നു. കുരീപ്പുഴയ്ക്കുനേരെ നടന്ന ആക്രമണത്തിൽ കർശന നടപടിയെടുക്കാൻ പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
കൊല്ലം കടയ്ക്കൽ കോട്ടുങ്കലിൽവച്ചാണ് തിങ്കളാഴ്ച രാത്രി കുരീപ്പുഴ ശ്രീകുമാറിനെ കൈയേറ്റം ചെയ്തത്. ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് കുരീപ്പുഴ ശ്രീകുമാർ പറഞ്ഞിരുന്നു. കോട്ടുങ്കലിലെ ഒരു വായനശാല സംഘടിപ്പിച്ച പൊതുയോഗത്തിൽ സംസാരിക്കവെ വടയമ്പാടി ജാതി മതിൽ സമരത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് അദ്ദേഹത്തിനെതിരെ കൈയേറ്റമുണ്ടായത്.