കോട്ടയം: പ്രായം വെറും അക്കം മാത്രമാണെന്നു തെളിയിച്ച് ചിങ്ങവനം സ്വദേശി പൗലോസ് അത്തിക്കളം. 96-ാം വയസിൽ പ്രായത്തിന്റെ അവശതകളെ നിഷ്പ്രഭമാക്കിയാണ് നാട്ടുകാരുടെ പൗലോസ് സാർ ചുങ്കപ്പാറ കരുവള്ളിക്കാട് കുരിശുമല കയറിയത്. സാഗർ ബിഷപ് മാർ ജയിംസ് അത്തിക്കളത്തിന്റെ പിതാവാണ്.
കടുവാക്കുളം ലിറ്റിൽ ഫ്ളവർ പള്ളിയിൽനിന്നുള്ള തീർഥാടക സംഘത്തോടൊപ്പമാണ് പൗലോസ് കഴിഞ്ഞ വെള്ളിയാഴ്ച കുരിശുമല കയറിയത്. വടി കുത്തിയായിരുന്നു മലകയറ്റം. കാലിൽ ചെറിയ നീർവീക്കം ഉള്ളതൊന്നും കണക്കിലെടുക്കാതെയുള്ള മലകയറ്റം കൂടെയുള്ളവരെയും അതിശയപ്പെടുത്തി.
മറ്റൊരു മകനും പരിശീലകനുമായ എ.പി. തോമസും ഭാര്യ മിനി തോമസും വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വിവിധ പരിശീലന പരിപാടികളിലും പൗലോസ് അത്തിക്കളം സജീവമാണ്.
പ്രായത്തിന്റെ പേരിൽ ഒരു പരിപാടിയും ഒഴിവാക്കേണ്ട കാര്യമില്ലെന്നാണ് വത്തിക്കാനിൽ ജോൺ പോൾ രണ്ടാമൻ പാപ്പയിൽനിന്ന് നേരിട്ട് അനുഗ്രഹം വാങ്ങാൻ ഭാഗ്യം ലഭിച്ചിട്ടുള്ള പൗലോസ് സാറിന്റെ അഭിപ്രായം.
വിവിധ ജില്ലകളിലെ പള്ളികളിലേക്ക് കടുവാക്കുളം പള്ളിയിലെ വയോജനങ്ങൾക്കൊപ്പം അടുത്തയാഴ്ച തീർഥാടനത്തിന് തയാറെടുക്കുകയാണ് മുൻ കെഎസ്ഇബി എൻജിനിയർ കൂടിയായ പൗലോസ് അത്തിക്കളം.