മണ്ണാർക്കാട്: മണ്ണാർക്കാട് മൈലാംപാടത്തുള്ള കുരുത്തിച്ചാൽ വെ ള്ളച്ചാട്ടത്തിൽ സന്ദർശകർക്കായി അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണം നീക്കണമെന്ന ആവശ്യം ശക്തമായി. നിയന്ത്രണം വന്നിട്ട് ആഴ്ച്ചകളായിട്ടും സന്ദർശകർ വ്യാപകമായി എത്തുന്നതിനെ തുടർന്നാണ് ഈ ചോദ്യത്തിന് പ്രസക്തി ഉയരുന്നത്.
ഇവിടെയെത്തുന്ന സന്ദർശകരിൽ പകുതിയോളം പേർക്കു ഇവിടെ ഏർപ്പെടുത്തിയ നിയന്ത്രണം എന്താണെന്നുപോലും അറിയില്ല. ഇതേ തുടർന്ന് ഇവിടെ എടുത്ത തീരുമാനം കടലാസിലൊതുങ്ങി. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഇപ്പോഴും കുരുത്തിച്ചാലിലേക്ക് എത്തുന്നുണ്ട്. സൗണ്ട് സിസ്റ്റം ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായാണ് സംഘങ്ങൾ എത്തുന്നത്.
പുഴയിൽ പിന്നീട് ഗാനമേളയും ആർപ്പുവിളിയും ഭക്ഷണം പാചകം ചെയ്യലുമാണ്. രാത്രിവരെ ഇതു നീളും ഇവരുടെ സംഘംചേരൽ. വനത്തോട് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്നതിന് തീ ഒരുക്കുന്നത് വനത്തിൽ അഗ്നിബാധയ്ക്ക് വഴിയൊരുക്കാനുള്ള സാധ്യത ഏറെയാണ്.
ഭക്ഷണം പാചകം ചെയ്തതിന്റെ മാലിന്യങ്ങൾ മുഴുവനും പുഴയിൽതള്ളുന്നതു കാരണം പുഴ മലിനമാകുകയാണ്. സന്ദർശകരുടെ പ്രവാഹം കാരണം വെള്ളം മലിനമാകുന്നത് തടയാൻ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വനംവകുപ്പ്, എക്സൈസ്, പൊലീസ്, തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളുടെ യോഗം ചേർന്നിരുന്നു.
ജൂണ് 15 വരെ കുരുത്തിച്ചാലിലേക്ക് സന്ദർശകരെ നിയന്ത്രിക്കാനും മൈലാംപാടത്ത് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനും അന്ന് തീരുമാനിച്ചിരുന്നതാണ്. എന്നാൽ ആ തീരുമാനം നടപ്പിയില്ലെന്ന് മാത്രമല്ല കൂടുതൽ സന്ദർശകർ എത്താനും തുടങ്ങി. ചൂട് കനത്ത സാഹചര്യത്തിൽ ദിവസവും സന്ദർശകരുടെ എണ്ണം വർധിക്കുകയാണ് യോഗത്തിൽ എടുത്ത തീരുമാനങ്ങൾ ഒന്നുംതന്നെ നടപ്പിലാക്കാനായിട്ടില്ല.
ദിവസംതോറും 200 അധികം സന്ദർശകർ ഇപ്പോൾ കുരുത്തിച്ചാൽ വെള്ളച്ചാട്ടത്തിൽ എത്തുന്നുണ്ട്. അധികൃതർ ശക്തമായ നിലപാട് സ്വീകരിച്ചാൽ മാത്രമാണ് സന്ദർശകർക്ക് നിയന്ത്രണമേർപ്പെടുത്തുവാൻ കഴിയൂ. അടിയന്തരമായി കുമരംപുത്തൂർ ഗ്രാമപഞ്ചായത്ത് വനംവകുപ്പും ഒന്നിച്ച് ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കണം.
എന്നാൽ മാത്രമേ സന്ദർശന നിയന്ത്രണമേർപ്പെടുത്താൻ കഴിയുകയുള്ളൂ. ഈ മേഖലയിൽ വ്യാപകതോതിൽ മദ്യപാനവും നടക്കുന്നുണ്ട്.