കുരിയച്ചിറ: കാനനിർമാണം നടക്കുന്ന കുരിയച്ചിറ സെന്ററിൽ ഗതാഗതക്കുരുക്ക് രൂക്ഷം. തിരക്കേറിയ ഈ റൂട്ടിൽ കാനനിർമാണം നടക്കുന്പോൾ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ നിയോഗിക്കാത്തതാണ് ഗതാഗതക്കുരുക്ക് ഇത്രയും രൂക്ഷമാകാൻ കാരണമായിട്ടുള്ളതെന്നാണ് പരാതി. ഒറ്റവരിയായി മാത്രമാണ് വാഹനങ്ങൾക്ക് ഇതുവഴി കടന്നുപോകാൻ സാധിക്കുകയുള്ളു.
എന്നാൽ പലവാഹനങ്ങളും ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതും രണ്ടുവരിയായി കടന്നുപോകാൻ നോക്കുന്നതുമെല്ലാം ഗതാഗതസ്തംഭനമുണ്ടാക്കുന്നുണ്ട്. രാവിലെ സ്കൂൾ-ഓഫീസ് സമയങ്ങളിലും വൈകുന്നേരങ്ങളിലും വൻഗതാഗതക്കുരുക്കനുഭവപ്പെടുന്നുണ്ട്. അടിയന്തിരമായി ഇവിടെ പോലീസിനെ ഗതാഗതനിയന്ത്രണത്തിനായി നിയോഗിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.