ചിറ്റൂർ : പറന്പിക്കുളം-കുരിയാർകുറ്റി കോളനിയിൽ ഇരുപത്തിമൂന്ന് കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ സർക്കാർ നടപടി ഉൗർജിതമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി. രണ്ടുവർഷംമുന്പാണ് മുതലമട വൈദ്യുതിവകുപ്പ് അധികൃതർ കോളനിയിലെത്തി വൈദ്യുതി എത്തിക്കുന്നതിനു സർവേ നടത്തിയത്.
എന്നാൽ നാളിതുവരെ അനുകൂലനടപടിയുണ്ടാകാത്തത് കുരിയാർകുറ്റിയിലെ താമസക്കാരെ നിരാശപ്പെടുത്തി. നെല്ലിയാന്പതിയിൽനിന്നും തോംസണ് എസ്റ്റേറ്റ് വരെ കഐസ്ഇബിയുടെ വൈദ്യുതിലൈൻ നിലവിലുണ്ട്. അവിടെനിന്നും അഞ്ചുകിലോമീറ്റർ ദൂരമാണ് കുരിയാർകുറ്റിയിലേക്കുള്ളത്.
എന്നാൽ വനമേഖയിലൂടെ വൈദ്യുതി കൊണ്ടുപോകുന്നതു വന്യമൃഗങ്ങൾക്ക് അപകടത്തിനു കാരണമാകുമെന്നാണ് അധികൃതർ പറയുന്നത്. തത്വത്തിൽ മൃഗങ്ങൾക്കു ലഭിക്കുന്ന സംരക്ഷണംപോലും മനുഷ്യർക്ക് ഉറപ്പുവരുത്താൻ സർക്കാർ നടപടിയെടുക്കുന്നില്ലെന്നാണ് കോളനിക്കാർ പറയുന്നത്.
നിലവിൽ പറന്പിക്കുളം, ആനപ്പാടി എന്നിവിടങ്ങളിലേക്ക് വൈദ്യുതി തമിഴ്നാട്ടിൽനിന്നാണ് ലഭിക്കുന്നത്. കേരള-തമിഴ്നാട് ജലവിതരണ വിഷയത്തിൽ തർക്കമുണ്ടായാൽ പിന്നീട് ആനപ്പാടിക്കും പറന്പിക്കുളത്തേക്കുമുള്ള വൈദ്യുതി നിലയ്ക്കും.
കുരിയാർകുറ്റിയിൽനിന്നും പറന്പിക്കുളത്തേക്ക് ഒന്പതുകിലോമീറ്റർ ദൂരമാണുള്ളത്. നെല്ലിയാന്പതി കുരിയാർകുറ്റിയിൽ വൈദ്യുതി എത്തിച്ചാൽ പറന്പിക്കുളത്തേക്കും എത്തിക്കാനും ഇതുവഴി തമിഴ്നാടിന്റെ ഒൗദാര്യം ഒഴിവാക്കാനാകുമെന്നും ജനങ്ങൾ പ്രതീക്ഷിക്കുന്നു.
കുരിയാർകുറ്റി കോളനിവാസികൾക്കും വിനോദസഞ്ചാരികൾക്കും വാർത്തകൾ അറിയാനും മറ്റുമായി ടിവി ഉപയോഗിക്കാനും കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.