കോഴിക്കോട്: ജയില്‍ വാസത്തിന് ശേഷം പുറത്തിറിങ്ങി മോഷണം നടത്തിയ യുവാവിനെതിരേ സംസ്ഥാനത്തുടനീളം കേസ്. വയനാട് പുല്‍പ്പള്ളി ഇരുളം കാളിപറമ്പില്‍ വിശ്വരാജ് (39) നെതിരേയാണ് സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും കേസുകള്‍ നിലവിലുള്ളത്.
മുന്നൂറോളം മോഷണക്കേസുകളില്‍ പ്രതിയായ വിശ്വരാജിനെ കഴിഞ്ഞ ദിവസമാണ് ഈസ്റ്റ്ഹില്ലിലെ കടയുടെ വരാന്തയില്‍നിന്ന് നടക്കാവ് ഇന്‍സ്പക്ടര്‍ ടി.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
എരഞ്ഞിപ്പാലം ജനസേവന മെഡിസിന് ആന്‍ഡ് സര്‍ജിക്കല്‍സില്‍ ഇക്കഴിഞ്ഞ 15 ന് രാത്രിനടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിയെ ചോദ്യംചെയ്തപ്പോഴാണ് സംസ്ഥാനത്തുടനീളം മുന്നൂറോളം കടകളില്‍ മോഷണം നടത്തിയതായി പോലീസിന് ബോധ്യമായത്.
തുടര്‍ന്ന് എല്ലാ സ്റ്റേഷനുകളിലേക്കും പോലീസ് വിശ്വരാജിന്റെ അറസ്റ്റ് സംബന്ധിച്ചുള്ള വിവരം കൈമാറി. പലതവണ ജയില്‍ശിക്ഷ അനുഭവിച്ച വിശ്വരാജ് കഴിഞ്ഞ ജൂലായിലാണ് വിയ്യൂര്‍ ജയിലില്‍നിന്ന് തടവുശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്.
ഇതിന് ശേഷവും 70 ലേറെ സ്ഥലങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
കൊയിലാണ്ടിയിലെ ആറുകടകളില്നിന്നായി 20,000 രൂപ, എലത്തൂര്‍ പോലീസ് പരിധിയിലെ കടകളില്‍നിന്ന് 50,000 രൂപ, എന്നിങ്ങനെയാണ് കോഴിക്കോട് ജില്ലയിലെ മോഷണങ്ങള്‍. ഇതിന് പുറമേ ഷൊര്‍ണൂര്‍ ബസ് സ്റ്റാന്ഡിനടത്തുള്ള കടകളിലും കണ്ണൂര്‍ ടൗണിലെ കടകളിലും എറണാകുളം, പെരിന്തല്‍മണ്ണ ചെറുകരയിലെ എട്ടോളം കടകള്‍ , മീനങ്ങാടി ടൗണ്‍, തൃപ്പൂണിത്തുറയിലെ കടകള്‍, ഗുരുവായൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് എന്നിവിടങ്ങളിലും ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്.
സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കോടതിയില്‍ കവര്‍ച്ച നടത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.