കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെയുആര്‍ടിസി എസി ലോ ഫ്ളോര്‍ ബസ് കത്തി നശിച്ച സംഭവത്തില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സംഭവത്തില്‍ പോലീസ് വിശദമായ റിപ്പോര്‍ട്ട് നല്‍കും. എറണാകുളം സൗത്ത് ഡിപോയില്‍ സൂക്ഷിച്ചിരിക്കുന്ന ബസില്‍ ഇന്ന് വിശദമായ പരിശോധന നടത്തും. തീപിടിത്തത്തിന്റെ കാരണം ഷോര്‍ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക നിഗമനം.
എറണാകുളം ചിറ്റൂര്‍റോഡില്‍ ഇയ്യാട്ടുമുക്ക് ജംക്ഷനില്‍ ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. തൊടുപുഴയ്ക്ക് യാത്ര ആരംഭിച്ച മൂവാറ്റുപുഴ ഡിപ്പോയിലെ ബസാണ് കത്തി നശിച്ചത്. എറണാകുളം ഡിപ്പോ സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് ഒരു കിലോമീറ്റര്‍ മാത്രം പിന്നിടുന്നതിനിടെയായിരുന്നു അപകടം.
25ലധികം യാത്രക്കാര്‍ ബസില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും അപകടമില്ല. ഡാഷ്ബോര്‍ഡില്‍ ഫയര്‍ അലേര്‍ട്ട് സിഗ്നല്‍ കാണിച്ച ഉടനെ മൂവാറ്റുപുഴ സ്വദേശികളായ ഡ്രൈവര്‍ വി.ടി. വിജേഷും കണ്ടക്ടര്‍ കെ.എം. രാജുവും വേഗം ബസില്‍നിന്ന് പുറത്തേക്ക് ഇറങ്ങാന്‍ യാത്രക്കാരോട് ആവശ്യപ്പെട്ടു.
യാത്രക്കാര്‍ ആദ്യമൊന്ന് ശങ്കിച്ചെങ്കിലും തീപടരാന് സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചതോടെ എല്ലാവരും വേഗത്തില്‍ പുറത്തേക്ക് ഇറങ്ങി. യാത്രക്കാര്‍ പൂര്‍ണമായും ഇറങ്ങിയ ശേഷമാണ് തീ ആളിപ്പടര്‍ന്നത്.
അന്വേഷം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ കത്ത് നല്കി
കൊച്ചി: ബസ് കത്തിയ സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ടി.ജെ. വിനോദ് എംഎല്‍എ ഗതാഗത മന്ത്രിക്ക് കത്ത് നല്കി. അധികൃതരുടെ അനാസ്ഥയാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷിക്കണമെന്നാണ് കത്തിലുള്ളത്. ബസുകളുടെ കാലപ്പഴക്കവും പരിരക്ഷയും കാര്യക്ഷമമല്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം കത്തില്‍ പറയുന്നു.