കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ തേടിയ പല വഴികളില്‍ ഒന്നായിരുന്നു കെയുആര്‍ടിസി ലോ ഫ്ലോര്‍ ബസുകളിലെ വികലാംഗര്‍ക്കുള്ള സീറ്റ് എടുത്ത് മാറ്റുക എന്നത്. എന്നാല്‍ അത് തങ്ങളെപ്പോലുള്ളവരോട് സര്‍ക്കാര്‍ ചെയ്ത വലിയ ചതിയായിരുന്നു എന്നാണ് മുഹമ്മദ് ഫാസില്‍ വി.പി. എന്ന യുവാവ് മുഖ്യമന്ത്രി പണറായി വിജയനെ അഭിസംബോദന ചെയ്ത് എഴുതിയ ഒരു കുറിപ്പില്‍ പറയുന്നത്. ഏറെ ചിന്തിക്കേണ്ടുന്ന ഈ കുറിപ്പ് നവ മാധ്യമങ്ങളില്‍ വൈറലുമാണ്. മുഹമ്മദിന്റെ വാക്കുകളിങ്ങനെ…
‘കെ.എസ്.ആര്.ടി.സിയുടെ നഷ്ടം നികത്താന്‍ വേറെയും നൂറ് നൂറ് പോംവഴികള്‍ ഉള്ളപ്പോള്‍ ഞങ്ങളുടെ സ്ഥലം എന്തിനാണ് സാര്‍ കവര്‍ന്നെടുക്കുന്നത്. വെറുമൊരു റാമ്പും ഇത്തിരി സ്ഥലവുമല്ല സാര്‍ അത്, ഞങ്ങളുടെ സ്വപ്നങ്ങളാണ്, ഞങ്ങളുടെ പ്രതീക്ഷകളാണ്. ഒരുപാട് കാലം ജനലുകളും വാതിലുകളും ഉണ്ടായിട്ടും നാലു ചുവരുകള്‍ക്കുള്ളില്‍ ഒത്തുക്കപ്പെട്ടവര് ആയിരുന്നു സാര്‍ ഞങ്ങള്‍. ഞങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നീലകാശങ്ങളിലേക്ക് വാതില്‍ തുറന്ന ഒന്നായിരുന്നു സാര്‍ ഈ ബസ് സൗകര്യം. ഞങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം. ഞങ്ങളുടെ അന്തസ്സും അഭിമാനവുക്കെയായിരുന്നു ഈ ബസ്’.
‘ബസ്സിന്റെ ഡോര്‍ തുറന്ന് വീല്‍ചെയര്‍ സുരക്ഷിതമായി ഒതുക്കിവെക്കാനും വീല്‍ ചെയര്‍ ലോക്കു ചെയ്യാനുമുള്ള സംവിധാനമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഇത് വളരെ സൗകര്യപ്രദമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്നാല്‍ ആ ഗ്യാപ് അവര്‍ എടുത്തുമാറ്റി. പകരം അവിടെ മൂന്ന് സീറ്റ് ആഡ് ചെയ്തു. ഇത്രയും കാലം നമുക്ക് റാംപ് വെച്ച് കയറാമായിരുന്നു. വണ്ടി തിരിച്ച് വെക്കാനും കഴിയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ റാംപ് വെച്ച് കയറാന്‍ പറ്റില്ല. വണ്ടി തിരിക്കാനും പറ്റില്ല.
നിലവില്‍ റാമ്പ് വഴി അകത്ത് കയറിയാല്‍ റാമ്പ് തിരിച്ച് മടക്കാനും ഡോര്‍ അടക്കാനും സാധിക്കില്ല. അത്കൊണ്ട് ഇപ്പോള്‍ വീല്‍ചെയറുകള്‍ എടുത്തു വെക്കേണ്ട അവസ്ഥയാണ്. വീല്‍ചെയറിന് വലിയ ഭാരമുണ്ട്. ഒറ്റയ്ക്ക് പൊന്തിക്കാന് കഴിയില്ല. ആരുടേയെങ്കിലും സഹായം വേണം. നമ്മുടെ നാട്ടിലൊക്കെയാണെങ്കില്‍ സഹായത്തിന് ആരെയെങ്കിലും കിട്ടും. പക്ഷേ പുറത്തൊക്കെ പോയാല്‍ ആരേയും കിട്ടില്ല. ഇരുത്തം ഡോറിന്റെ അടുത്തായതിനാലും ലോക്കില്ലാത്തതിനാലും ഒട്ടും സുരക്ഷിതമല്ല ഇപ്പോഴുള്ള യാത്രയെന്നും ഫാസില്‍ പറയുന്നു.
2016 ലാണ് കെ.യു.ആര്.ടി.സിക്ക് കീഴില്‍ കേരളത്തില്‍ ഓടുന്ന എല്ലാ എ.സി ലോ ഫ്ളോര്‍ ബസ്സുകളിലും വീല്‍ചെയര്‍ സൗകര്യം ഒരുക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. എന്നാല്‍ ഏതാണ്ട് ഒരു മാസം മുന്‍പ് ലോ ഫ്ളോര്‍ ബസ്സുകളില്‍ നിന്നും ഈ സൗകര്യം എടുത്തുമാറ്റി. വീല്‍ചെയര്‍ ലോക്ക് ചെയ്ത് വെക്കാനുള്ള ഇടത്ത് കുറച്ച് സീറ്റുകള്‍ പകരം ഘടിപ്പിക്കുകയും ചെയ്തു. ഇതാണ് മുഹമ്മദിനെ പോലുള്ളവര്‍ക്ക് തിരിച്ചടിയായത്.