കൽപ്പറ്റ: കെയുആർടിസി ബസിലെ യാത്രയുടേ പേരിൽ തത്പര കക്ഷികൾ സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കുന്നതിനെതിരെ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ സ്പീക്കർക്കു പരാതി നൽകി. പട്ടികവർഗത്തിൽപ്പെട്ട തനിക്കെതിരെ കോർപറേഷൻ ജീവനക്കാരിൽ ചിലരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അപവാദം പ്രചരിപ്പിക്കുന്നതെന്നു പരാതിയിൽ പറയുന്നു.
കഴിഞ്ഞ 28നു എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കായിരുന്നു കെയുആർടിസിയുടെ ലോ ഫ്ളോർ ബസിൽ എംഎൽഎയുടെ യാത്ര. സൗജന്യ യാത്രയ്ക്കു കോർപറേഷൻ നൽകുന്ന പാസ് ലോ ഫ്ളോർ ബസിൽ അനുവദനീയാമാണോ എന്നു കണ്ടക്ടറോട് ബാലകൃഷ്ണൻ തിരക്കി.
മേലധികാരികളോടു ചോദിച്ചു പറയാമെന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം. കുറച്ചുകഴിഞ്ഞപ്പോൾ കണ്ടക്ടർ കാർഡ് വാങ്ങി നന്പർ കുറിച്ചു. രാത്രി 12 ഓടെ സീറ്റിനടുത്തെത്തിയ കണ്ടക്ടർ പാസ് അനുവദനീയമല്ലെന്നു അറിയിച്ചു. തുടർന്നു എംഎൽഎ 375 രൂപ നൽകി ടിക്കറ്റ് എടുത്തു.
29നു രാത്രി സ്വകാര്യ ചാനലിൽ എംഎൽഎയുടെ യാത്രയുമായി ബന്ധപ്പെടുത്തി വാർത്ത വന്നു. ടിക്കറ്റ് എടുക്കാത്തതിനെച്ചൊല്ലി കണ്ടക്ടറും എംഎൽഎയുമായി വാക്കുതർക്കം എന്നായിരുന്നു വാർത്ത. ഇതിനു പിന്നാലെയാണ് ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നതെന്നു പരാതിയിൽ വിശദീകരിക്കുന്നു. സംഭവത്തിൽ അന്വേഷണത്തിനും നടപടിക്കും ഇടപെടണമെന്നും പരാതിയിൽ അഭ്യർഥിച്ചിട്ടുണ്ട്.