പുൽപ്പള്ളി: ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കുറുവാദ്വീപിലേക്ക് പ്രവേശനം നിരോധിച്ചതോടെ തൊഴിലാളികളും കച്ചവടക്കാരും കടുത്ത പ്രതിസന്ധിയിൽ.
38ഓളം ജീവനക്കാരായായിരുന്നു കുറുവാദ്വീപിൽ ജോലി ചെയ്ത് വന്നിരുന്നത്.
പ്രദേശത്തെ ആദിവാസികളടങ്ങുന്ന വനസംരക്ഷണസമിതിയായിരുന്നു ഇവിടെ സഞ്ചാരികൾക്കുള്ള സൗകര്യമൊരുക്കിയിരുന്നത്.
അവരുടെയെല്ലാം ജീവിതം ദുരിതത്തിലാണ്. മാത്രമല്ല, കുറുവയെ ആശ്രയിച്ച് കഴിഞ്ഞിരുന്ന സ്ത്രീകളടക്കമുള്ള നിരവധി ചെറുകിട വ്യാപാരികളും ഇവിടെയുണ്ടായിരുന്നു.
അവരെല്ലാം ദ്വീപ് അടച്ചതോടെ വൻസാന്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. എക്കോ ടൂറിസം കേന്ദ്രങ്ങൾ പാരിസ്ഥിതിക മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രവർത്തിക്കുന്നതെന്ന് കാണിച്ച് പരിസ്ഥിതിപ്രവർത്തകർ കോടതിയെ സമീപിച്ചതോടെയാണ് ദ്വീപ് അടച്ചത്.
വനംവകുപ്പിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്‍സിലിന്റെയും നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന കുറുവയിൽ നിലവിൽ ചങ്ങാടയാത്ര മാത്രമാണുള്ളത്.
ദ്വീപിലേക്കുള്ള പ്രവേശനം നിഷേധിച്ചതോടെ സഞ്ചാരികളുടെയെണ്ണത്തിൽ വൻ കുറവുണ്ടായി. നിലവിൽ രണ്ട് ജീവനക്കാർക്ക് മേൽനോട്ട ചുമതല മാത്രം നൽകിയിരിക്കുകയാണ്.
അടിയന്തരമായി കുറുവ ദ്വീപ് തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ വനം വകുപ്പ് തയ്യാറാകണമെന്നാണ് ജീവനക്കാരുടെയും കച്ചവടക്കാരുടെയും ആവശ്യം.