മുളന്തുരുത്തി: അപൂർവമായ ‘കുരുടൻ മുഷി’യെ തുപ്പുംപടിയിൽ കണ്ടെത്തി.
ആരക്കുന്നം ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ എംടെക് വിദ്യാർഥിയായ സി.എസ്. ജോമറിനാണ് അപൂർവ മത്സ്യത്തെ ലഭിച്ചത്.
തൃശൂർ ചെറുവത്തൂർ വീട്ടിൽ സി.ഐ. സിംജോയുടേയും മേഴ്സിയുടേയും മകനാണ് ജോമർ. പഠനകാലത്ത് തുപ്പുംപടി ഷാപ്പ് റോഡിൽ വാടകക്ക് താമസിക്കുന്ന വീട്ടിലെ കിണറ്റിൽ നിന്നും ടാങ്ക് വഴി പൈപ്പിലൂടെയാണ് മത്സ്യത്തെ ലഭിച്ചത്.
കടും ചുവപ്പുനിറമാണു മീനിന്. ജോമർ മത്സ്യത്തെ ലഭിച്ച ഉടൻ സുഹൃത്തുക്കളോട് മത്സ്യത്തെ പറ്റി സംശയം പറഞ്ഞു എങ്കിലും ആരും കാര്യമായി എടുത്തില്ല.
മത്സ്യത്തെ പറ്റി ഗൂഗിളിൽ തിരയുകയും കൈയിൽ ഇരിക്കുന്ന മത്സ്യം അപൂർവമാന്നെന്നു മനസിലാക്കുകയും ചെയ്തു. തുടർന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ് ) അറിയിക്കുകയും തുടർന്ന് അസി. പ്രഫ. ഡോ. രാജീവ് രാഘവൻ ഫോണിലൂടെ ബന്ധപെടുകയും മത്സ്യത്തിന്റെ ഫോട്ടോ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് അദേഹം മത്സ്യം അപൂർവമായ കുരുടൻ മുഷി അഥവാ ഹൊറാഗ്ലാനിസ് കൃഷ്ണയി (Horaglanis krishnai) എന്ന മത്സ്യമാണ് ഇതെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
കൂടുതൽ പഠനങ്ങൾക്കായി മത്സ്യത്തെ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻറ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ് ) ചെയ്തു.
കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ (കുഫോസ്) പ്രഫസറായി വിരമിച്ച ഡോ. അന്ന മേഴ്സിയാണു ഹൊറാഗ്ലാനിസ് കൃഷ്ണയിയെക്കുറിച്ചു ശാസ്ത്രീയമായി പഠനം നടത്തിയ ഏക വ്യക്തി.
1981ൽ സമർപ്പിച്ച പ്രബന്ധം ഹൊറാഗ്ലാനിസ് കൃഷ്ണയിയെക്കുറിച്ചുള്ള ഏക ശാസ്ത്രീയ പഠനമാണ്. പിന്നീട് ആരും ഇതിനു പിന്നാലെ പോയിട്ടില്ല. മീനിനെ കിട്ടാനുള്ള വിഷമമായിരുന്നു പ്രധാന കാരണം.