കൊയിലാണ്ടി: തിക്കോടിപുറക്കാട് നിരവധി പേരെ കടിച്ച് നാട്ടിൽ ഭീതി പരത്തിയ ഭ്രാന്തൻ കുറുക്കനെ മൽപ്പിടുത്തത്തിലൂടെ കൊന്ന എഎസ്ഐ സന്തോഷ് ലാൽ നാട്ടിലെ താരമായി.
നിരവധി പേരെ ആക്രമിച്ച ഭ്രാന്തൻ കുറുക്കനെ മൽപ്പിടിത്തത്തിലൂടെ ശ്വാസംമുട്ടിച്ച് കൊന്ന എഎസ്ഐ. പുറക്കാട് കോടൂർ വൈഷ്ണവത്തിൽ സന്തോഷ് ലാലാണ് താരമായത്.
തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം. വീടിന്റെ ഗേറ്റിനു സമീപം നിൽക്കുകയായിരുന്ന സന്തോഷ് ലാലിനെ കുറുക്കൻ ആക്രമിക്കാൻ ശ്രമിച്ചു. എറിഞ്ഞ് ഓടിക്കാൻ നോക്കിയപ്പോൾ കുറുക്കൻ ചാടിക്കടിക്കുകയായിരുന്നു.
ഇടതുകാലിനും വലതുകാലിനും വലതു കൈയ്ക്കും കടിയേറ്റു. പിന്നീട് 10 മിനിറ്റുനേരം കുറുക്കനുമായി മൽപ്പിടിത്തമായിരുന്നു. കാലുംകൈയും കൂട്ടിപ്പിടിച്ച് കഴുത്ത് റോഡിനോട് ചേർത്ത് ശ്വാസംമുട്ടിച്ച് കൊല്ലുകയും ചെയ്തു.
വീണ്ടും മറ്റൊരു വ്യക്തിയെക്കൂടി കടിക്കേണ്ടെന്നു കരുതിയാണ് ജീവൻ പണയംവെച്ചും അതിനെ കഴുത്തുഞെരിച്ചു കൊല്ലാൻ തീരുമാനിച്ചതെന്ന് സന്തോഷ് ലാൽ പറഞ്ഞു.
ശബ്ദംകേട്ട് സമീപവാസിയായ കൊടലൂർ രമേശ് ബാബുവും സ്ഥലത്തെത്തി. തുടർന്ന് സന്തോഷ് ലാൽ കൊയിലാണ്ടി ഗവ. ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സനേടി.
പാനൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐയാണ് സന്തോഷ് ലാൽ.കുറുക്കന്റെ കടിയേറ്റ പുറക്കാട് കാരാപ്പള്ളി സിദ്ധാർഥൻ, കോട്ടത്താഴ മീനാക്ഷി, പുതുക്കുടി ലാലു എന്നിവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
സമീപപ്രദേശത്തെ ചില വളർത്തുമൃഗങ്ങൾക്കും കുറുക്കന്റെ കടിയേറ്റിട്ടുണ്ട്.