കോട്ടയം: സൗത്ത് പാന്പാടി മേഖലയിലെ കുറുക്കൻമാർ ഒതുങ്ങുന്ന മട്ടില്ല. ഇങ്ങനെ പോയാൽ പാന്പാടി കോഴികളില്ലാത്ത നാടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. കുറുക്കൻമാർ ഒളിക്കുന്ന കാട് വെട്ടിത്തെളിക്കുകയോ വനം വകുപ്പ് കൂട് സ്ഥാപിച്ച് കുറുക്കൻമാരെ പിടികൂടി വനത്തിലേക്ക് കൊണ്ടുപോവുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കൂട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ് നാട്ടുകാരുടെ പരാതി വനം വകുപ്പിന് നല്കിയിട്ടുണ്ട്.പൂതകുഴി റബ്കോയുടെ പിന്നിലുള്ള ഏക്കറ് കണക്കിന് കാടുപിടിച്ചു കിടക്കുന്ന സ്ഥലമാണ് കുറുക്കാൻമാരുടെ താവളം. നിരവധി പേരുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം.
കാട് തെളിക്കാൻ വസ്തു ഉടമകൾക്ക് താൽപര്യമില്ല. പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് തെളിക്കണമെന്ന ആവശ്യം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്.എന്നാൽ ഇഞ്ച, തൊടലി തുടങ്ങി മുള്ളുള്ള കാടായതിനാൽ നല്ല മൂർച്ചയേറിയ വാക്കത്തി വേണ്ടിവരും. തൊഴിലുറപ്പ് തൊഴിലാളികളുടെ കൈവശം നല്ല വാക്കത്തിയില്ല.
പഞ്ചായത്ത് വാക്കത്തിയും തൂന്പയും മറ്റും വാങ്ങി നല്കിയാൽ കാട് തെളിക്കാമെന്ന് തൊഴിലാളികൾ പറയുന്നു.വനം വകുപ്പ് കൂട് സ്ഥാപിച്ച് കോഴികളെ തീറ്റയായി കൂട്ടിലിട്ടാൽ കുറുക്കൻമാർ കൃത്യമായി കൂട്ടിലെത്തും. അങ്ങനെയും കുറുക്കൻമാരെ കുടുക്കാം. എന്തായാലും കുറുക്കനെ എത്രയും വേഗം പിടികൂടിയില്ലെങ്കിൽ കോഴികളില്ലാത്ത നാടായി പാന്പാടി മാറുമോ എന്നാണ് സംശയിക്കുന്നത്.
കുറ്റിക്കൽ സ്വദേശിയായ റബർ വെട്ടുകാരൻ കുറുക്കനെ നേരിട്ടു കണ്ടതോടെ ടാപ്പിംഗ് നിർത്തി. പുലർച്ചെ ടാപ്പിംഗിന് എത്തുന്പോൾ കുറുക്കൻമാർ ആക്രമിക്കുമോ എന്നാണ് ഭയം. രാത്രിയിൽ കുറുക്കന്റെ ഓലിയിടൽ മൂലം നാട്ടുകാർക്ക് ഉറങ്ങാൻ പോലും കഴിയുന്നില്ല. കുട്ടികളുടെ പഠനം വരെ പ്രതിസന്ധിയിലായെന്ന് പറയുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക കാലത്താണ് പാന്പാടിയിൽ കുറുക്കൻ എത്തിയതെന്ന് നാട്ടുകാർ പറയുന്നു.