കോട്ടയം: പാന്പാടിയിലെ കുറുക്കന്മാരെ എങ്ങനെയെങ്കിലും പിടൂകുടണമെന്ന ആവശ്യവുമായി ജനങ്ങൾ സമര രംഗത്തിറങ്ങാനുള്ള ആലോചനയിലാണ്. കുറുക്കൻമാരെക്കൊണ്ട് അത്രയ്ക്കു ശല്യമായിത്തുടങ്ങി. ചെറിയ കാടുള്ള മിക്കപ്രദേശങ്ങളും കുറുക്കന്മാർ കൈയടക്കിയെന്നാണ് ജനങ്ങളുടെ പരാതി.
രാത്രിയിൽ കുറുക്കന്റെ ഓലിയിടൽ നാട്ടുകാരുടെ ഉറക്കംകെടുത്തുന്നു. ദിവസങ്ങൾ കഴിയും തോറും കോഴികളുടെ എണ്ണവും കുറയുകയാണ്. ഇങ്ങനെ പോയാൽ കോഴികളെ കിട്ടാതാവുന്പോൾ കുട്ടികളെ ആക്രമിക്കുമോ എന്ന ഭയപ്പാടിലാണ് നാട്ടുകാർ. പൂതകുഴി, മുളേക്കുന്ന്, നെടുങ്ങോട്ടുമല, അട്ടിപ്പടി, കന്നുവെട്ടി, കൈതമറ്റം, മൂരിപ്പാറ ഭാഗത്താണ് കുറുക്കശല്യം വർധിച്ചത്.
ശല്യം വർധിച്ചതോടെ കോഴിക്കൂടുകൾക്ക് ചുറ്റും ഇരുന്പു വല സ്ഥാപിച്ചെങ്കിലും വലതകർത്താണ് കോഴികളെ പിടികൂടുന്നത്. എത്രയും വേഗം വനം വകുപ്പ് കെണിക്കൂട് സ്ഥാപിച്ച് കുറുക്കന്മാരെ പിടികൂടി കാട്ടിലേക്ക് വിടണമെന്നാണ് ജനങ്ങളുടെ ആവശ്യം.
റബ്കോ ഭാഗത്ത് ഫാക്ടറി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തും വെട്ടാതെ കിടക്കുന്ന തോട്ടങ്ങളുമാണ് കുറുക്കന്റെ ആവാസ കേന്ദ്രമെന്നു പറയുന്നു. മാലിന്യം നീക്കം ചെയ്യുകയും കാടുകൾ വെട്ടിത്തെളിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർഷക കോണ്ഗ്രസ് ജില്ലാ സെക്രട്ടറി എബി ഐപ് രംഗത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിലെ വലിയ വെള്ളപ്പൊക്കത്തിനു ശേഷമാണ് കുറുക്കന്റെ ശല്യം വർധിച്ചതെന്ന് നാട്ടുകാർ പറയുന്നു.