വി.അഭിജിത്ത്
പാലക്കാട്: കോവിഡിന്റെ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങി രണ്ടുമാസം പിന്നിട്ടെങ്കിലും ജില്ലയിലെ ആട്ടപ്പാടി കുറുക്കൻകുണ്ടിലെ വിദ്യാർതഥികൾ ഇപ്പോഴും ഇരുട്ടിലാണ്.
കേരളത്തിന്റെ വിദ്യാഭ്യാസരംഗം ഓണ്‍ലൈൻ ക്ലാസുകളിലേക്ക് മാറുകയും വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്നുതന്നെ പഠിക്കാനുള്ള സംവിധാനങ്ങൾ ഒരുങ്ങുകയും ചെയ്തപ്പോഴാണ് ഓണ്‍ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത കുറുക്കൻകുണ്ട് പ്രദേശത്തെ കുട്ടികൾ സ്വന്തംവീടുകളിലിരുന്ന് സമരം ചെയ്യുന്നത്.
വിവര സാങ്കേതികവിദ്യയുടെ പുതിയ തലങ്ങളെക്കുറിച്ച് പ്രതിദിനം ചർച്ചചെയ്യുന്പോൾ ഇനിയും വൈദ്യുതിപോലും ലഭിക്കാത്ത അട്ടപ്പാടിയിലെ കാർഷിക ഗ്രാമമായ കുറുക്കൻകുണ്ടിലെ കുരുന്നുകളുടെ ഓണ്‍ലൈൻ വിദ്യാഭ്യാസമാണ് തടസപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ആറു പതിറ്റാണ്ടായി താമസിക്കുന്ന മണ്ണിൽ വൈദ്യുതിക്കും മറ്റു അടിസ്ഥാന സൗകര്യത്തിനും വേണ്ടിയുള്ള പരിശ്രമവും കാത്തിരിപ്പും ഫലം കാണാതായതോടെയാണ് ഓണ്‍ലൈൻ പഠനകാലത്ത് പഠിപ്പുമുടങ്ങിയ ഇളംതലമുറ വൈദ്യുതിക്കായുള്ള പരിശ്രമങ്ങൾ ഏറ്റെടുത്തത്.
വിദ്യാർത്ഥികളുടെ ദുരിതമറിഞ്ഞ് അടിയന്തരമായി വൈദ്യുതി എത്തിക്കുവാനുള്ള നടപടി സ്വീകരിക്കുവാനും വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ ഉത്തരവാദിത്വപ്പെട്ടവരിൽ എത്തിക്കുവാനുമായി അട്ടപ്പാടിയിലെ മുഴുവൻ രാഷ്ട്രീയ പ്രവർത്തകരേയും പങ്കെടുപ്പിച്ചു സർവകക്ഷിസമ്മേളനം കുറുക്കൻ കുണ്ടിൽ ജൂണ്‍ 21ന് നടന്നു.
ഈ സമ്മേളനത്തിന്റെ തീരുമാനപ്രകാരം ജില്ലാ കളക്ടർക്കും ജില്ലയിലെ ജനപ്രതിനിധികൾക്കും വിദ്യാഭ്യാസ വകുപ്പിനും വിദ്യാർത്ഥികൾ തന്നെ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ചു പരാതി നല്‍കിയിരുന്നു.
അടിയന്തരമായി പരിഗണിക്കേണ്ട ഇത്തരം പരാതികൾ അവഗണിക്കപ്പെട്ടപ്പോൾ നിവേദനം നല്കി പ്രതീക്ഷയോടെ കാത്തിരുന്ന കുട്ടികളെ നിരാശയിലായി.
ഓണ്‍ലൈൻ ക്ലാസുകൾ തുടങ്ങി രണ്ടുമാസമാകുന്പോഴും തങ്ങളുടെ ആവശ്യം കേൾക്കാൻ ആരുമില്ലെന്ന് തിരിച്ചറിഞ്ഞ ഒന്നാംക്ലാസുമുതൽ പഠിക്കുന്ന വിദ്യാർഥികളാണ് സമരത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നത്.
തങ്ങൾക്ക് പഠിക്കാൻ വൈദ്യുതി നല്‍കണമെന്ന് ആവശ്യപ്പെട്ടു അഗളി കെഎസ്ഇബി ഓഫീസിനു മുന്നിൽ സമരംചെയ്യാൻ അഗളി പേലീസ് സ്റ്റേഷനിൽ അനുവാദത്തിനു ചെന്നപ്പോഴാണ് ഹൈക്കോടതി തത്കാലം സമരങ്ങൾ വിലക്കിയിരിക്കുന്നത് ഇവർ അറിയുന്നത്.
തുടർന്ന് വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കാൻ ഓരോരുത്തരും സ്വന്തം വീടിനുമുന്നിൽ ഒരു ദിവസത്തെ നിരാഹാര സത്യാഗ്രഹം ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.
വീടിനുമുന്നിലെ ചുവരിൽ കേരള സർക്കാർ, വിദ്യാഭ്യാസ വകുപ്പ്, വൈദ്യുതവകുപ്പ് എന്നൊക്കെ എഴുതി ഒട്ടിച്ച പോസ്റ്ററുകൾക്കു താഴെ വിവിധ ആവശ്യങ്ങളെഴുതിയ പ്ലക്കാർഡുമായിട്ടായിരുന്നു വിദ്യാർത്ഥികളുടെ സമരം.
സാധാരണ സ്കുൾ ദിവസങ്ങളിൽ 14 കിലോമീറ്റർ നടന്നും തിരിച്ചു വീട്ടിൽ എത്താൻ സ്കുൾ ബാഗിൽ ടോർച്ച് കരുതിയും വാഹന സൗകര്യമില്ലാതിരുന്നിട്ടും കഴിയുന്നത്ര ക്ലാസുകൾ മുടക്കാതെയും തങ്ങളുടെ ലക്ഷ്യത്തിനും സ്വപ്നത്തിനുംവേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഈ കുഞ്ഞുങ്ങളുടെ കണ്ണീർ ഉത്തരവാദിത്വപ്പെട്ടവർ കാണാതെ പോകരുതെന്നാണ് വിദ്യാർഥികളുടെ രക്ഷിതാക്കൾ പറയുന്നത്.