ആലക്കോട്: വായാട്ടുപറമ്പ് കവലയിലെ മലഞ്ചരക്ക് കടയില്‍ കഴിഞ്ഞദിവസം കവർച്ച നടത്തിയത് കുറുമാത്തൂർ സ്വദേശികളായ രണ്ടംഗസംഘം. ഇതിലൊരാൾ മോഷണക്കേസിലും മറ്റൊരാൾ പോക്സോ കേസിലും ശിക്ഷ അനുഭവിച്ചതാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
നെല്ലിപ്പാറ സ്വദേശി പുത്തന്‍പുര ബിജു അഗസ്റ്റിന്റെ മലഞ്ചരക്ക് കടയിലാണു കഴിഞ്ഞ 27ന് പുലർച്ചെ 2.30ഓടെ കവര്‍ച്ച നടന്നത്. ഇന്നോവ കാറിലെത്തിയ രണ്ടംഗസംഘമാണു കവര്‍ച്ച നടത്തിയത്. ദൃശ്യങ്ങള്‍ തൊട്ടടുത്ത സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.
ആലക്കോട് സിഐ കെ.ജി. വിനോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ മോഷ്ടാക്കളെ കണ്ടെത്തുന്നതിന് സൂചന നല്‍കുന്നവര്‍ക്ക് കടയുടമ അരലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
മോഷ്ടാക്കളെത്തിയ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. പേരാവൂര്‍ സ്വദേശിയുടെ ബൈക്കിന്റെ നമ്പറാണു കാറില്‍ ഉപയോഗിച്ചിരുന്നത്. കവർച്ച ചെയ്ത കുരുമുളകിന്റെ പകുതി 28ന് രാവിലെ മണത്തണയിലെ മലഞ്ചരക്ക് കടയില്‍ മോഷ്ടാക്കള്‍ വിറ്റിരുന്നു.
എന്നാല്‍ കടയുടമയ്ക്ക് മുഴുവന്‍ തുകയും നല്കാന് സാധിച്ചില്ല. ബാക്കി തുക പിറ്റേദിവസം നല്‍കാമെന്നു പറഞ്ഞു. കുരുമുളക് വില്‍ക്കാനെത്തിയയാള്‍ താടിയും മുടിയും നീട്ടിയ നിലയിലായിരുന്നു. ബാക്കിതുക വാങ്ങാന്‍ പിറ്റേദിവസം വന്നപ്പോള്‍ താടിയും മുടിയും വടിച്ചനിലയിലുമായിരുന്നു.
കൂടാതെ കാറിന്റെ നമ്പറും മാറിയിരുന്നു. ഇതില്‍ സംശയം തോന്നിയ പേരാവൂര്‍ സ്വദേശി ഉടന്‍തന്നെ പോലീസില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ഇതോടെ പ്രതികളെ കണ്ടെത്താന്‍വേണ്ടിയുള്ള പോലീസ് നീക്കങ്ങള്‍ക്കു വേഗം കൂടി.
പോലീസ് അന്വേഷണത്തില്‍ വണ്ടിയുടെ യഥാര്‍ഥ നമ്പര്‍ കെഎല്‍ 13 എ എഫ് 3444 ആണെന്ന് മനസിലായി. മയ്യില്‍ സ്വദേശി വിറ്റതായിരുന്നു ഈ കാര്‍. ഇപ്പോള്‍ ബക്കളം സ്വദേശിയുടെ കൈയിലുള്ള ഈ കാര്‍ രണ്ടുദിവസത്തേക്ക് വാടകയ്ക്കെടുത്തായിരുന്നു മോഷണം. ആലക്കോട് പോലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.