പത്തനംതിട്ട: ഏനാദിമംഗലം പഞ്ചായത്തിലെ കുറുമ്പകരയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശെത്ത കോളനി നിവാസികൾ സമരം ആരംഭിക്കുന്നു. കുറുമ്പകരയിലെ കണ്ണങ്കര പട്ടികജാതികോളനി നിവാസികളാണ് പാറമടകൾക്കെതിരെ രംഗത്ത് വന്നിട്ടുള്ളത്.
എൽഡിഎഫ് നിയന്ത്രണത്തിലുള്ള ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഒത്താശയോടെയാണ് പാറമടകൾ പ്രവർത്തിക്കുന്നതെന്ന് സമരസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കോളനി നിവാസികൾക്ക് ഭീഷണിയായി രണ്ട് പാറമടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്.
പരാതികളെ തുടർന്ന് റവന്യു അധിക്യതർ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പാറമടകൾക്ക് അനൂകൂല റിപ്പോർട്ടാണ് നൽകിയിട്ടുള്ളത്. 70 ഓളം വീടുകൾ ഇവിടെയുണ്ട്. രാത്രിയുംപകലും ഒരേപോലെ പാറമടകൾ പ്രവർത്തിക്കുകയാണ് .സ്വന്തം വീടുകളിൽ കിടന്ന് ഉറങ്ങാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. പാറ പൊട്ടിക്കുന്ന സ്ഫോടനങ്ങളിൽ വീടുകൾ മുഴുവൻ തകർന്ന നിലയിലാണ്.
പാറചീളുകൾ വീടിനു മുകളിൽ വന്ന് വീഴുകയും ചെയ്യാറുണ്ട് പരിസരമാകെ പാറെപാടി നിറഞ്ഞ് ശ്വാസതടസവും മറ്റ് രോഗങ്ങളും ആളുകളിൽ പതിവായിട്ടുണ്ട്. നിരവധി അപകടങ്ങളും ഈ പാറമടകളിൽ ഉണ്ടായിട്ടുണ്ട്. പാറപൊട്ടിക്കലിനെ തുടർന്ന് കിണറുകളിലെ വെള്ളം വറ്റുകയും ചെയ്യുന്നു.
പാറമടകളുടെ അടിവാരത്താണ് കോളനി. മഴക്കാലത്ത് മണ്ണിടിച്ചിൽ വലിയ ഭീഷണിയും ഉയർത്തുന്നു. മുകൾ ഭാഗത്തു നിന്നും പാറകളും മണ്ണുമൊക്കെ അടിവാരത്തേക്ക് വന്ന് മറിയുകയും ചെയ്യാറുണ്ട്. പരാതിപ്പെട്ടാൽ കോളനി നിവാസികളെ പാറമട ഉമകൾ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.
പാറമടകളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് മേയ് ഒന്നു മുതൽ സമര പരിപാടികൾ ആരംഭിക്കുമെന്നും അവർ പറഞ്ഞു. പത്രസമ്മേളനത്തിൽ സമരസമിതി ചെയർമാൻ കെ. രാജൻ, കൺവീനർ പി .ഗോമതി, പി. ലീല, കെ. രമ, രമണി എന്നിവർ പങ്കെടുത്തു.