കൽപ്പറ്റ: വയനാടിന്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടം തേടി കുറുന്പാലക്കോട്ട. കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോടുനിന്നു ഏകദേശം ഒരു കിലോമീറ്റർ അകലെയാണ് പ്രകൃതിയുടെ വിസ്മയക്കാഴ്ചകളൊരുക്കുന്ന കുറുന്പാലക്കോട്ട. ജില്ലയ്ക്കു അകത്തും പുറത്തുംനിന്നും സഞ്ചാരികളെത്തുന്നുണ്ടെങ്കിലും കുറുന്പാലക്കോട്ടയെ പരിസ്ഥിതി സൗഹൃദ സാഹസിക വിനോദസഞ്ചാരകേന്ദ്രമായി വികസിപ്പിക്കാൻ ടൂറിസം വകുപ്പിനു പദ്ധതിയില്ല.
അടിസ്ഥാന സൗകര്യങ്ങളൊരുക്കിയാൽ ജില്ലയിലെ എണ്ണംപറഞ്ഞ വിനോദസഞ്ചാര കേന്ദ്രമായി കുറുന്പാലോക്കോട്ട മാറുമെന്നു പ്രദേശത്തെ സാമൂഹിക പ്രവർത്തകൻ ഗഫൂർ വെണ്ണിയോട് പറഞ്ഞു. പ്രളയത്തിൽ തകർന്ന കോട്ടത്തറ പഞ്ചായത്തിന്റെ സാന്പത്തിക പുരോഗതിക്കു കുറുന്പാലക്കോട്ടയിലെ ടൂറിസം വികസനം ഉതകുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.
റവന്യൂ ഭൂമിയിലാണ് ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞുകിടക്കുന്ന കുറുന്പാലക്കോട്ട. വെണ്ണിയോടും സമീപങ്ങളിലുമെത്തുന്ന സഞ്ചാരികൾ സ്വകാര്യഭൂമികളിലൂടെയുള്ള എട്ടോളം കൈവഴികളിലൂടെയാണ് കോട്ടയിൽ എത്തുന്നത്. ട്രക്കിംഗ് ഇഷ്ടപ്പെടുന്നവർക്കു പുറമേ ധാരാളം പ്രകൃതിസ്നേഹികളും കോട്ട സന്ദർശിക്കുന്നുണ്ട്. ആരെയും മയക്കുന്നതാണ് കുറുന്പാലക്കോട്ടയിൽനിന്നുള്ള ഉദയ, അസ്തമന ദൃശ്യങ്ങൾ.
ശുദ്ധവായുവും നട്ടുച്ചയ്ക്കും അനുഭവപ്പെടുന്ന കുളിരും മറ്റാകർഷണങ്ങളാണ്. മഹാഭാരതത്തിലെ ഭീമനെയും പാഞ്ചാലിയെയും ബന്ധപ്പെടുത്തി കഥകളുള്ള മുറിപ്പുഴയും പഴശി സമരങ്ങളുമായി ബന്ധമുള്ള പടവെട്ടിപ്പൊയിലും കുറുന്പാലക്കോട്ടയുടെ താഴ്വാരത്തിലാണ്. ഇവിടങ്ങളിലും സഞ്ചാരികൾ എത്തുന്നുണ്ട്.